കോട്ടയം: കൊട്ടിക്കലാശവും ബൈക്ക് റാലികളുമില്ലാതെ പരസ്യ പ്രചാരണം അവസാനിച്ചു. അവസാന ഞായറിൽ പരമാവധി ആളുകളെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനാണ് സ്ഥാനാർത്ഥികൾ ശ്രമിച്ചത്. തലങ്ങും വിലങ്ങും പ്രചാരണ വാഹനങ്ങൾ പായിച്ചും റോഡ് ഷോ നടത്തിയും മണ്ഡലങ്ങളെ ഇളക്കിമറിച്ചു. അവധി ദിവസമായതിനാൽ എല്ലാവരും വീട്ടിലുണ്ടാകുമെന്ന ഉറപ്പിൽ സ്ഥാനാർത്ഥികളും പ്രവർത്തകരും വീടുകയറാനും സമയം കണ്ടെത്തി.
പ്രചാരണത്തിന്റെ ആദ്യഘട്ടത്തിലെ ഏറ്റക്കുറച്ചിലുകൾ പരിഹരിക്കാനായെന്നാണ് വിശ്വാസം. കണക്കുക്കൂട്ടൽ തെറ്റിക്കുമെന്ന ആത്മവിശ്വാസത്തോടെ ത്രികോണ മത്സരം കാഴ്ചവയ്ക്കാൻ എൻ.ഡി.എ രംഗത്തുള്ളതിനാൽ മത്സരം പ്രവചനാതീതം. സർവേകൾ ഇടതുമുന്നണിക്ക് നൽകിയ മുൻതൂക്കം പ്രതിഫലിക്കില്ലെന്ന് യു.ഡി.എഫും കരുതുന്നു.
കോട്ടയം
ശക്തമായ ത്രികോണ മത്സരത്തിലാണ് കോട്ടയം. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇക്കുറി മണ്ഡലത്തിൽ കൂടുതൽ ശ്രദ്ധകൊടുത്ത് പ്രചരണം നടത്തിയെന്നത് തന്നെ കോട്ടയത്ത് കാര്യങ്ങൾ അത്ര ശുഭകരമല്ലെന്ന വിശ്വാസത്തിലാണ്. പുഴകൾ തെളിച്ച് ജനമനസിൽ ഇടം നേടിയ എൽ.ഡി.എഫിലെ അഡ്വ. കെ.അനിൽകുമാർ ഉയർത്തുന്ന വെല്ലുവിളി നിസാരമല്ല. ഒപ്പം കുടുംബ വോട്ടർമാരെ ലക്ഷ്യംവച്ച് പ്രചാരണത്തിൽ മുന്നേറുന്ന ബി.ജെ.പിയുടെ മിനർവ മോഹനനും. ഈ രണ്ട് സ്ഥാനാർത്ഥികളും പിടിക്കുന്ന വോട്ടുകൾ എങ്ങനെയുമാകാം. കോട്ടയത്ത് എന്തും സംഭവിക്കാം.
പുതുപ്പള്ളി
ഉമ്മൻചാണ്ടിക്കപ്പുറം പുതുപ്പള്ളി ചലിക്കില്ലെന്ന ചിന്തയ്ക്ക് വിഘാതമായത് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പോടെയാണ്. ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷത്തെ പറ്റി മാത്രം ചിന്തിച്ചാൽ മതിയെന്ന് യു.ഡി.എഫ് പറയുമ്പോൾ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേക്കാൾ താഴുമെന്നാണ് എൽ.ഡി.എഫ് പറയുന്നത്. വികസന മുരടിപ്പ് എടുത്തു പറഞ്ഞാണ് എൽ.ഡി.എഫിലെ ജെയ്ക് സി.തോമസിന്റെയും ബി.ജെ.പിയിലെ എൻ.ഹരിയുടെയും പ്രവർത്തനം. 30,000 വോട്ടുകളുടെ ഭൂരിപക്ഷമാണ് പുതുപ്പള്ളിയിൽ കോൺഗ്രസ് ക്യാമ്പ് പ്രതീക്ഷിക്കുന്നത്.
ഏറ്റുമാനൂർ
ഒറ്റദിവസം കൊണ്ട് സംസ്ഥാനതലത്തിൽ ചർച്ചയായ ഏറ്റുമാനൂരിലെ അടിയൊഴുക്കുകൾ എന്താണെന്ന് ആർക്കുമറിയില്ല. സിറ്റിംഗ് സീറ്റിൽ വി.എൻ.വാസവനെന്ന കരുത്തനെ ഇറക്കിയപ്പോൾ മണ്ഡലം കൂടെപ്പോരുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽ.ഡി.എഫ്.നേതക്കാൾ. അട്ടിമറിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫിലെ പ്രിൻസ് ലൂക്കോസിന്റെ പ്രവർത്തനം. ബി.ജെ.പിയിലെ ടി.എൻ.ഹരികുമാറും കോൺഗ്രസ് വിമതയായി കളത്തിലിറങ്ങിയ ലതികാ സുഭാഷും ആരുടെയൊക്കെ വോട്ടുകൾ നേടുമെന്നതാണ് പ്രധാനം. ഇരുവരും നേടുന്ന വോട്ടുകളാവും ഏറ്റുമാനൂരിന്റെ വിധി നിർണയിക്കുന്നത്.
കടുത്തുരുത്തി
കേരളാ കോൺഗ്രസുകൾ തമ്മിൽ പോരാടുന്ന കടുത്തുരുത്തിയിൽ മോൻസോ, സ്റ്റീഫനോ എന്നത് മാത്രമാണ് ചിന്ത. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ അനുസരിച്ച് എൽ.ഡി.എഫിലെ സ്റ്റീഫൻ ജോർജിന് അനുകൂലമാണ് കാര്യങ്ങൾ. എന്നാൽ മോൻസ് ജോസഫ് വ്യക്തിപരമായ വോട്ടുകൾ പിടിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. വോട്ടു വിഹിതം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് എൻ.ഡി.എ സ്ഥാനാർത്ഥി ലിജിൻ ലാൽ.
വൈക്കം
ഇടതു കോട്ടയെന്ന് പറയുമ്പോഴും വൈക്കത്ത് എന്ത് അട്ടിമറിയാണ് എതിർ സ്ഥാനാർത്ഥികൾ ഒരുക്കിവച്ചിരിക്കുന്നതെന്ന് കാത്തിരുന്ന് കാണണം. സിറ്റിംഗ് എം.എൽ.എയെ തകർക്കാൻ കോൺഗ്രസിലെ ഡോ. പി.ആർ. സോനയ്ക്കും ബി.ഡി.ജെ.എസിലെ അജിതാ സാബുവിനുമാകുമോയന്നാണ് ഉറ്റുനോക്കുന്നത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന നിലയിലുള്ള വ്യക്തിബന്ധവും ബി.ഡി.ജെ.എസിന്റെ മണ്ഡലത്തിലെ സ്വാധീനവും കഴിഞ്ഞ തവണ എൻ.ഡി.എ സ്ഥാനാർത്ഥി നേടിയ വോട്ടുമാണ് വൈക്കത്തെ പ്രതീക്ഷകൾ.
പാലാ
ജോസ്-കാപ്പൻ പോരാട്ടം കൊണ്ട് സംസ്ഥാന ശ്രദ്ധയാകർഷിച്ച പാലായിൽ ആര് ആരെ അട്ടിമറിക്കുമെന്ന് പറയാനാവില്ല. 15,000 വോട്ടിന്റെ ഭൂരിപക്ഷം മാണി സി.കാപ്പൻ പ്രതീക്ഷിക്കുമ്പോൾ വിജയം ഉറപ്പെന്ന് പറയുന്നു ജോസ് കെ. മാണി. ചോരാതെ വോട്ടുകൾ കൂടെനിറുത്തുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. രാഹുൽ ഗാന്ധിയുടെ സന്ദർശനവും നിക്ഷപക്ഷ വോട്ടുകളും അനുകൂലമാകുമെന്നാണ് കാപ്പന്റെ പ്രതീക്ഷ.
കാഞ്ഞിരപ്പള്ളി
അതി ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ ആര് ജയിക്കുമെന്ന് പ്രവചിക്കാനാവില്ല. ആരുടെയൊക്കെ വോട്ടുകൾ ബി.ജെ.പി സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം പിടിക്കുമെന്നതാണ് പ്രധാനം. മണ്ഡലത്തിൽ വ്യക്തിബന്ധമുള്ള കണ്ണന്താനം ഇരുമുന്നണികൾക്കും വെല്ലുവിളിയാണ് . സിറ്റിംഗ് എം.എൽ.എ എൻ. ജയരാജിന്റെ പ്രതീക്ഷ എൽ.ഡി.എഫിന്റെ ഉറച്ച പിന്തുണയിലാണ്. കൈപ്പത്തിയെന്ന വികാരത്തിനൊപ്പം നിഷ്പപക്ഷ വോട്ടുകളും കിട്ടുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫിലെ ജോസഫ് വാഴയ്ക്കൻ.
പൂഞ്ഞാർ
പി.സി.ജോർജ് ഇക്കുറി വീഴുമോയെന്നതാണ് പൂഞ്ഞാറിലെ കൗതുകം. ജോർജു കൂടി രംഗത്തെത്തിയയോടെ മണ്ഡലം ചതുഷ്കോണ മത്സരത്തിന് വേദിയായി. രാഹുൽ ഗാന്ധിയുടെ സന്ദർശനവും മണ്ഡലത്തിലെ പ്രചാരണത്തിലെ മുന്നേറ്റവുമാണ് ടോമി കല്ലാനിയുടെ പ്രതീക്ഷ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന നിലയിലുള്ള മണ്ഡലത്തിലെ പരിചയം വോട്ടാകുമെന്ന കണക്കുകൂട്ടലിലാണ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ . ബി.ഡി.ജെ.എസിന്റെ സംഘടനാ സംവിധാനത്തിലാണ് എം.പി.സെൻ അർപ്പിക്കുന്ന വിശ്വാസം. വൈകിയെത്തിയെങ്കിലും മണ്ഡലത്തിൽ അവസാന റൗണ്ട് പര്യടനവും സെൻ പൂർത്തിയാക്കി.