mask

ഒരുമാസത്തിലേറെ നേതാക്കളും പ്രവർത്തകരും മാസ്ക്ക് താഴ്ത്തി നടത്തിയ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊവിഡ് നിയന്ത്രണങ്ങളൊന്നും പാലിക്കാതെ അവസാനിക്കുമ്പോൾ ഇനിയും കൊവിഡിന്റെ പിടിയിലാകരുതേ എന്ന് മുട്ടിപ്പായി പ്രാർത്ഥിക്കുകയാണ് .

കൊവിഡ് കണക്കിലെടുത്ത് കലാശക്കൊട്ട് ഉപേക്ഷിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചിരുന്നു. ആൾക്കൂട്ടമൊഴിവാക്കിയില്ലെങ്കിൽ ക്രിമിനൽ കേസ് എടുക്കുമെന്നും മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ കമ്മിഷന്റെ അന്ത്യശാസനത്തിന് പുല്ലുവിലയാണ് നൽകിയത്. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വലിയ ആൾക്കൂട്ടത്തോടെ തന്നെയാണ് കലാശക്കൊട്ട് എല്ലാ മുന്നണികളും നടത്തിയത്. ഇരുചക്രവാഹനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മിക്ക സ്ഥാനാർത്ഥികളും പൊലീസിന്റെ കണ്ണുവെട്ടിച്ച് ഊടുവഴികളിലൂടെ ഇരുചക്രവാഹനമോടിച്ചു . കൊട്ടിക്കലാശം നിരോധിച്ചെങ്കിലും റോഡ് ഷോ എന്തു കൊണ്ടോ നിരോധിച്ചില്ല. അവസാന ദിവസം മിക്ക നേതാക്കളും മാസ്ക്ക് ഊരിയുള്ള റോഡ് ഷോയാണ് കേരളം മുഴുവൻ നടത്തിയത്. രാഹുൽ ഗാന്ധി പോലും മാസ്ക്ക് ധരിക്കാതെയാണ് റോഡ് ഷോയിൽ പങ്കെടുത്തത് . പ്രിയങ്ക ഗാന്ധി വന്നപ്പോഴും മാസ്ക്ക് ധരിച്ചിരുന്നില്ല. സാധാരണക്കാർ മാസ്ക്ക് താടിലേയ്ക്ക് താഴ്ത്തിയാൽ പൊലീസ് പിഴയിടും. ഏതെങ്കിലും നേതാക്കൾക്കെതിരെ നടപടി എടുത്തതായി അറിയില്ല. അവരുടെ മൂക്കു ചെത്തുമെന്ന് പറയാനുള്ള തന്റേടം കമ്മിഷൻ കാണിക്കാതിരുന്നതെന്തെന്ന് ചോദിക്കുകയാണ് നാട്ടുകാർ.

പത്തു പേരിൽ ഒരാൾക്ക് സമ്പർക്കം വഴി കൊവിഡ് പകരുന്ന സ്ഥിതി മൂന്നു പേരിൽ ഒരാൾക്കെന്ന നിലയിലേക്ക് കേരളം താഴ്ത്തിക്കൊണ്ടു വന്നതാണ് . എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടതോടെ അത് അഞ്ചിലേക്ക് ഉയർന്നു. വോട്ടെടുപ്പ് കൂടി കഴിയുന്നതോടെ ഇനിയും ഉയരാനാണ് സാദ്ധ്യതയെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. ഈ മുന്നറിയിപ്പ് ആര് കേൾക്കാൻ .

അറുപത് വയസിന് മുകളിലുള്ളവർക്ക് സൗജന്യമായി കൊവിഡ് പ്രതിരോധ വാക്സിൻ നൽകിയിരുന്നു. എന്നാൽ ഇതുവരെ വാക്സിൻ എടുക്കാത്ത നിരവധി പേരുണ്ട്. നാൽപ്പത്തഞ്ചിനു മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ വിതരണം തുടങ്ങിയിട്ടും പലരും താത്പര്യം കാണിക്കുന്നില്ല. വാക്സിൻ എടുത്താൽ മദ്യപിക്കാമോ, ലൈംഗികബന്ധത്തിൽ ഏർപ്പെടാമോ മറ്റു മരുന്നുകൾ കഴിക്കാമോ തുടങ്ങി ഒരു പിടി സംശയങ്ങൾ നാട്ടുകാർക്കുണ്ട്. ഇത് ദൂരീകരിക്കാനുള്ള ശ്രമം ആരോഗ്യവകുപ്പ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. രണ്ടാമത്തെ ഡോസ് പ്രതിരോധ കുത്തിവെപ്പും നടത്തി ഇരുപത്തെട്ടു ദിവസത്തിനു ശേഷമേ രണ്ടെണ്ണം അടിക്കാവുള്ളൂ എന്ന് ചില ഡോക്ടർമാർ പറയുന്നു. നാല് ദിവസം കഴിഞ്ഞാൽ അടിക്കാമെന്ന് മറ്റു ചിലർ. കുത്തിവെപ്പിന്റെ രണ്ടാം ഡോസ് ഇരുപത്തെട്ട് ദിവസത്തിന് ശേഷമെന്നത് ഒന്നരമാസത്തിന് ശേഷമെന്നാക്കിയിട്ടുണ്ടെന്നും പറയുന്നു . ഒന്നിനും വ്യക്തതയില്ല. ബന്ധപ്പെട്ടവരും ഇക്കാര്യത്തിൽ ഇരുട്ടിൽ തപ്പുകയാണ് .

ആരോഗ്യവകുപ്പ് അധികൃതർക്ക് വ്യക്തതയില്ലെങ്കിൽ പിന്നെ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരെ എങ്ങനെ കുറ്റം പറയാനാവും. ! മാസ്ക്ക് പോലും ധരിക്കാത്ത നേതാക്കൾക്കെതിരെ നടപടി എടുക്കാൻ കഴിയാത്തവർ എങ്ങനെ നാട്ടുകാരെ ബോധവാൻമാരാക്കും. ആദ്യം ബോധം വേണ്ടത് ആർക്കാണെന്നാണ് ചോദിക്കാനുള്ളത്. !...