കോട്ടയം: റോഡ് ഷോ കലാശക്കൊട്ടാക്കി മാറ്റി മുന്നണികൾ. തദ്ദേശ തിരഞ്ഞെടുപ്പിൽ കൊവിഡ് നിയന്ത്രണത്താൽ കലാശക്കൊട്ട് വിലക്കിയത് ഫലം ചെയ്തില്ലെന്നാണ് റോഡ് ഷോയിലെ ആൾക്കൂട്ടം തെളിയിച്ചത്. പൊലീസ് കാഴ്ചക്കാരായി നിന്നതോടെ പ്രവർത്തകർ നഗരം കൈയടക്കി.
എല്ലാ മുന്നണി സ്ഥാനാർത്ഥികളും സംഘവും എല്ലാ മണ്ഡലങ്ങളുടെയും നഗരവീഥികളിലൂടെ നടത്തിയ റോഡ് ഷോയിൽ ബാൻഡ് മേളവും നിരവധി വാഹനങ്ങളും പ്രവർത്തകരും അണി നിരന്നതോടെ ഫലത്തിൽ കലാശക്കൊട്ടായി മാറുകയായിരുന്നു. നിശ്ചല ദൃശ്യങ്ങളും മറ്റ് ഒഴിവാക്കി എന്നതായിരുന്നു ഏക വ്യത്യാസം.
കോട്ടയം നഗരത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണനും സീനിയർ കോൺഗ്രസ് നേതാവ് വയലാർ രവിയും ചേർന്ന് റോഡ് ഷോ നടത്തി. മുന്നിലും പിന്നിലും നിരവധി വാഹനങ്ങളുടെ റാലിയും പ്രവർത്തകരും അണിചേർന്നു. തിരുവഞ്ചൂരിന്റെ റോഡ് ഷോ തിരുനക്കരയിൽ സമാപിച്ചതോടെയാണ് ഇടതു സ്ഥാനാർത്ഥി അഡ്വ. കെ.അനിൽകുമാറിന്റെ യൂത്ത് ബ്രിഗേഡ് റാലി കളക്ടറേറ്റ് ജംഗ്ഷനിൽ നിന്നാരംഭിച്ചത്. നാസിക് ഡോൾ മേളത്തോടെ അനിൽകുമാറിന്റെ കട്ടൗട്ടുകൾ ഉയർത്തിപ്പിടിച്ചുള്ള റാലി നഗരത്തിൽ നടന്നതിന് സമാനമായി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്നു. എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹൻ ശനിയാഴ്ച വൈകിട്ട് റോഡ് ഷോ നടത്തിയിരുന്നു.
ഏറ്റുമാനൂരിൽ ഇടതു സ്ഥാനാർത്ഥി വി.എൻ.വാസവന്റെ നേതൃത്വത്തിൽ നടന്ന റോഡ്ഷോയ്ക്കൊപ്പം കുമരകത്തും അയ്മനത്തും തിരുവാർപ്പിലുമെല്ലാം നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്ന റാലി നടന്നു. പാലായിലും ചങ്ങനാശേരിയിലും ശനിയാഴ്ച റോഡ് ഷോ നടന്നു.