വൈക്കം : ശക്തമായ കാറ്റിലും മഴയിലും കുലച്ച വാഴകൾ ഒടിഞ്ഞു നശിച്ചത് കർഷകരെ കടക്കെണിയിലാക്കി. സ്വന്തമായി ഭൂമിയില്ലാതെ പാട്ടത്തിനെടുത്ത സ്ഥലത്ത് ബാങ്ക് വായ്പയെടുത്തും സ്വർണം പണയം വച്ചുമൊക്കെ കൃഷി നടത്തിയ പാട്ട കർഷകർക്ക് കൃഷി നാശം വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കിയത്. 13 സെന്റ് സ്ഥലം മാത്രം സ്വന്തമായുള്ള വെച്ചൂർ ഇടയാഴം വലിയ മംഗലത്ത് ജോയി.വി.മാത്യു വൈക്കം നഗരസഭ പരിധിയിലും വെച്ചൂരിന്റെ പല ഭാഗത്തും ഏത്തവാഴക്കൃഷി ചെയ്തിരുന്നു. ദളവാക്കുളം ബസ് ടെർമിനലിനു സമീപത്ത് ഗീതാഞ്ജലിയിൽ അശോകന്റെ രണ്ടേക്കർ പുരയിടത്തിൽ ജോയി കൃഷി ചെയ്ത 650 ഓളം വാഴകളിൽ കുലച്ചു ഒരു മാസം പിന്നിട്ട പടലതിരിഞ്ഞ 150 ഓളം വാഴകളാണ് നശിച്ചത്. വിലയിടിഞ്ഞതോടെ ഏത്തയ്ക്കായ്ക്ക് കലോയ്ക്ക് 18 രൂപയാണ് വില. ഒരു കുല 200 രൂപയിൽ താഴെയാണ് വിൽക്കുന്നത്. കൃഷി ചെലവനേക്കാൾ താഴ്ന്ന വിലയ്ക്കു ഉൽപന്നം വിൽക്കേണ്ട സാഹചര്യത്തിലാണ് പ്രകൃതിക്ഷോഭം മൂലമുള്ള കൃഷിനാശമുണ്ടാകുന്നത്. സർക്കാർ വാഴ കൃഷിക്കും പച്ചക്കറിക്കുമൊക്കെ താങ്ങുവില പ്രഖ്യാപിച്ചു കർഷകരോടു രജിസ്റ്റർ ചെയ്യാൻ പറഞ്ഞിരുന്നെങ്കിലും കർഷകർ പലതവണ അക്ഷയ കേന്ദ്രം വഴി രജിസ്‌ട്രേഷനു ശ്രമിച്ചെങ്കിലും സൈറ്റ് ഓപ്പണായില്ലെന്ന് കർഷകർ ആരോപിക്കുന്നു. കൃഷി നാശമുണ്ടായ കർഷകർക്കു നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി വേണമെന്നാണ് കർഷകരുടെ ആവശ്യം.