വൈക്കം : 'ഇറങ്ങാതെ പോയ ഒരുപിടി നല്ല സിനിമകളുടെ ചാമ്പലിൽ നിന്ന് ചിതറിത്തെറിച്ച കനലുകൾ മാത്രമായിരുന്നു നിങ്ങൾ എന്റേതെന്ന് പറയുന്ന, നിങ്ങളുടെ മുന്നിലെ എന്നെ ഞാനാക്കിയ ഉള്ളടക്കവും പവിത്രവും അങ്കിൾ ബണ്ണുമെല്ലാം. തിരിഞ്ഞു നോക്കുമ്പോൾ സാങ്കേതികവിജയം നേടിയ വാശിക്കപ്പുറം അവയിലൊന്നും എന്റെ മനസ് കാണാൻ കഴിയുന്നില്ല. എഴുപതുകളിൽ സജീവമായിരുന്ന ഫിലിം സൊസൈറ്റികൾ മനസിൽ കുറിച്ചിട്ട കുറേ നല്ല സിനിമകളുണ്ടായിരുന്നു. പഥേർ പാഞ്ചാലി പോലുള്ള ക്ലാസിക്കുകൾ... '- ഒരിക്കൽ കേരളകൗമുദി ആഴ്ചപ്പതിപ്പിനു വേണ്ടിയുള്ള അഭിമുഖത്തിൽ പി.ബാലചന്ദ്രൻ പറഞ്ഞു. കവി പി.കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച സിനിമയിലൂടെ ചലച്ചിത്ര സംവിധാന രംഗത്തേക്ക് കടന്ന സമയമായിരുന്നു അത്.
'അഭിനയിക്കാനുള്ള അഭിനിവേശമാണ് എന്നെ നാടക രചയിതാവും തിരക്കഥാകൃത്തും സംവിധായകനുമാക്കിയത്.' എഴുത്തുകാരനെന്നതിലേറെ അഭിനേതാവായി വിലയിരുത്തപ്പെടാനും സ്വയം വിലയിരുത്താനും ആഗ്രഹിച്ചിരുന്നു പി. ബാലചന്ദ്രൻ.
കുട്ടിക്കാലത്ത് സ്‌കൂൾ വാർഷികത്തിന് അദ്ധ്യാപകർ അവതരിപ്പിച്ച നാടകത്തിൽ സ്ത്രീ വേഷം കെട്ടിയായിരുന്നു തുടക്കം. എഴുപതുകളിൽ സാഹിത്യരംഗത്ത് ആധുനികത ഒരു തരംഗമായി മാറിയ കാലത്ത് ചില പരീക്ഷണ നാടകങ്ങളെഴുതി. അരങ്ങേറിയില്ലെങ്കിലും അവയിലൊന്ന് മലയാളത്തിലെ ഒരു പ്രമുഖ പ്രസിദ്ധീകരണം നടത്തിയ നാടകമത്സരത്തിൽ ഒന്നാമതെത്തി. തുടർന്ന് സ്‌കൂൾ ഒഫ് ഡ്രാമയിൽ ചേർന്നു. അഭിനയമോഹം തന്നെയാണ് പി.ബാലചന്ദ്രനെ സിനിമയുമായി അടുപ്പിച്ചത്. ഹാസ്യരൂപേണയാണ് അദ്ദേഹം അത് പറഞ്ഞത്. 'അഭിനയത്തിലൂടെയാണ് സിനിമയിലെത്തിയത്. ആദ്യം അഭിനയിച്ചത് റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധി സിനിമയിലും! നാഷണൽ സ്‌കൂൾ ഒഫ് ഡ്രാമയുടെ ക്യാമ്പിൽ പങ്കെടുക്കുകയായിരുന്നു. ഹരിയാനയിലെ അതിർത്തിയിൽ എവിടെയോ ആണ്. ഹോസ്റ്റലിലാണ് താമസം. അവിടെ നിന്ന് ദിവസവും രാവിലെ ആർട്ടിസ്റ്റുകളെ ബസിൽ കയറ്റി കൊണ്ടുപോകുന്നത് കാണാം. പിന്നീടാണറിഞ്ഞത് കുറച്ചകലെ ഗാന്ധി സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നുണ്ടെന്ന്. പിറ്റേന്ന് ഞാനും വണ്ടി കയറി. ലൊക്കേഷനിലെത്തിയപ്പോൾ ശരിക്കും ഞെട്ടി. നോക്കെത്താദൂരത്തോളം മനുഷ്യരും പിന്നെ ഭൂമിയിലെ സകല ജീവജാലങ്ങളുമുണ്ടവിടെ! ഇന്തോ പാക് വിഭജനവും തുടർന്നുള്ള അഭയാർത്ഥി പ്രവാഹവുമാണ് ചിത്രീകരിക്കുന്നത്. ആദ്യത്തെ കൗണ്ടറിൽ ചെന്നപ്പോൾ ധരിക്കാൻ ഒരു മുസ്ലിം വേഷവും ഭക്ഷണത്തിനും വൈകിട്ടത്തെ കൂലിക്കുമുള്ള ടോക്കണുകളും തന്നു. 75 രൂപയായിരുന്നു കൂലി.ആയിരക്കണക്കിന് അഭയാർത്ഥികളിലൊന്നായാണ് അഭിനയിക്കേണ്ടത്. അഭിനയം ഒന്നുമില്ല. വെറുതേ നടന്നാൽ മതി. പക്ഷേ, ഞാൻ അഭിനയിച്ചു. സ്‌കൂൾ ഒഫ് ഡ്രാമയുടെ തിയറി ക്ലാസുകളിൽ പകർന്നുകിട്ടിയ അറിവുകളെ പ്രയോഗിച്ചുനോക്കാൻ തന്നെയായിരുന്നു തീരുമാനം. മുകളിൽ നിന്ന് ഹെലികോപ്ടറിലായിരുന്നു ചിത്രീകരണം. അതിൽ ആറ്റൻബറോ ഉണ്ടെന്നായിരുന്നു എന്റെ വിശ്വാസം. ഒടുവിൽ പൊരിവെയിലത്ത് അഭിനയിച്ചു തളരുമ്പോഴാണറിയുന്നത് ആറ്റൻബറോയുടെ സഹായികളുടെ സഹായികളാരോ ആണ് ഹെലികോപ്ടറിലുള്ളതെന്ന്. ഉറുമ്പുകൾ പോലെ നിരങ്ങിനീങ്ങുന്ന അഭയാർത്ഥികൾക്കിടയിൽ എന്നെ തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. പക്ഷേ, ആ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിച്ചിരുന്നു.'
അഭിനേതാവാകാൻ ആഗ്രഹിച്ചിട്ട് സിനിമാലോകം നൽകിയത് ഏറെയും തിരക്കഥാകൃത്തിന്റെ റോളാണ്. ഒടുവിൽ പി.ബാലചന്ദ്രനിലെ നല്ല നടനെ നാം തിരിച്ചറിഞ്ഞു. മലയാളി മനസിൽ ഓർത്തുവയ്ക്കുന്ന കുറെ നല്ല കഥാപാത്രങ്ങൾ. പകർന്നാടാൻ വേഷങ്ങൾ ബാക്കി വച്ച് ആ നല്ല നടൻ പോയി. ആ പോക്ക് ഓർക്കാപ്പുറത്തായിരുന്നു... ആരോടും ഒന്നും പറയാതെ.