leader

കോട്ടയം: ജില്ല ഇന്ന് ബൂത്തിലേയ്ക്ക് പോകുമ്പോൾ തങ്ങളുടെ മുന്നണി വൻ ഭൂരിപക്ഷം നേടുമെന്ന് ജില്ലാ നേതാക്കൾ. പരസ്യപ്രചാരണത്തിലെ മുൻതൂക്കവും ജനമനസും തങ്ങൾക്കൊപ്പമാണെന്ന് അവകാശപ്പെട്ടാണ് യു.ഡി.എഫ്, സി.പി.എം, ബി.ജെ.പി ജില്ലാ നേതാക്കൾ രംഗത്തു വന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഒമ്പതു മണ്ഡലങ്ങളിൽ ഏഴു സീറ്റും നേടി യു.ഡി.എഫ് വൻ മേധാവിത്വം പുലർത്തിയിരുന്നു. വൈക്കം, ഏറ്റുമാനൂർ സീറ്റുകൾ മാത്രമായിരുന്നു ഇടതു മുന്നണിക്ക് ലഭിച്ചത്. ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാൻ കഴിഞ്ഞിരുന്നില്ല. ജില്ലയിൽ മുന്നേറ്റമുണ്ടാക്കുമെന്നാണ് മൂന്നാഴ്ചയോളം നീണ്ട പ്രചാരണത്തിനൊടുവിൽ മൂന്ന് മുന്നണിയുടേയും നേതൃത്വം പങ്കുവയ്ക്കുന്നത്

 എ.വി.റസൽ (സി.പി.എം ജില്ലാ സെക്രട്ടറി)

പ്രചാരണം അവസാനിക്കുമ്പോൾ ഇടതു തരംഗമാണ് ജില്ലയിൽ. പുതുപ്പള്ളിയടക്കം യു.ഡിഎഫ് കോട്ടയായി അറിയപ്പെടുന്ന മണ്ഡലങ്ങൾ ഇക്കുറി എൽ.ഡി.എഫിനൊപ്പമാകും. യു.ഡി.എഫിലെ അനൈക്യവും ജോസ് കെ. മാണിയുടെ വരവും സർക്കാരിന്റെ ഭരണ നേട്ടവും ഗുണം ചെയ്യും. കോട്ടയം യു.ഡി.എഫ് കോട്ട എന്ന സ്ഥിതി ഈ തിരഞ്ഞെടുപ്പോടെ മാറും. ബി.ജെ.പി കോട്ടയത്ത് അക്കൗണ്ട് തുറക്കില്ല. കോട്ടയത്തിന്റെ മതനിരപേക്ഷ മനസ് അത് അനുവദിക്കില്ല.

 സജി മഞ്ഞക്കടമ്പിൽ (യു.ഡി.എഫ് ജില്ലാ ചെയർമാൻ)

സർക്കാരിന്റെ അഴിമതിയും ഭരണ വിരുദ്ധവികാരവും അലയടിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ തവണ പരാജയപ്പെട്ട വൈക്കവും ഏറ്റുമാനൂരുമടക്കം ഒമ്പതു മണ്ഡലങ്ങളും വിജയിക്കും. ജോസ് കെ. മാണി പോയത് ഒരുതരത്തിലും ബാധിച്ചിട്ടില്ല. എല്ലായിടത്തും ചിട്ടയായ പ്രവർത്തനമാണ് നടന്നത്. കോട്ടയത്തെ എൽ.ഡി.എഫ് സർക്കാർ അവഗണിച്ചു. വിവിധ മണ്ഡലങ്ങളിൽ യു.ഡിഎഫ് കൊണ്ടു വന്ന വികസന പദ്ധതികളുടെ പൂർത്തീകരണത്തിന് യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിക്കണമെന്ന് ജനങ്ങൾ വിശ്വസിക്കുന്നു.

 അഡ്വ. നോബിൾ മാത്യു (ബി.ജെ.പി ജില്ലാ പ്രസിഡന്റ്)


പാർലമെന്റ് തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും കൂടുതൽ വോട്ട് നേടിയതിന്റെ തുടർച്ചയായി ഈ തിരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും എൻ.ഡി.എ മുന്നണി അക്കൗണ്ട് തുറക്കും പ്രവർത്തകരും സ്ഥാനാർത്ഥികളും എണ്ണയിട്ട യന്ത്രംപോലെയാണ് പ്രവർത്തിച്ചത്. 4.75 ലക്ഷം വീടുകളിലാണ് സ്ഥാനാർത്ഥികൾ കയറിയത്. എല്ലാ മണ്ഡലങ്ങളിലും ത്രികോണമത്സരത്തിനാണ് കളമൊരുങ്ങിയത്. കുടുംബയോഗങ്ങളിലും വീടുകൾ കയറിയുള്ള പ്രചാരണത്തിലും മുന്നിലെത്താൻ കഴിഞ്ഞു. കാഞ്ഞിരപ്പള്ളി അടക്കമുള്ള മണ്ഡലങ്ങളിൽ അക്കൗണ്ട് തുറക്കും.