balachandran

വൈക്കം: പ്രമുഖ തിരക്കഥാകൃത്തും സംവിധായകനും നടനും നാടക പ്രവർത്തകനുമായ പി. ബാലചന്ദ്രൻ (69) അന്തരിച്ചു. മസ്തിഷ്‌ക ജ്വരത്തെ തുടർന്ന് ചെമ്മനാകരി ഇന്തോ അമേരിക്കൻ ആശുപത്രിയിലും തുടർന്ന് ഇടപ്പള്ളി അമൃത ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെ 5ന് വസതിയിലായിരുന്നു അന്ത്യം. സംസ്കാരം വൈക്കം തെക്കേനടയിലെ പവിത്രം വീട്ടുവളപ്പിൽ ഒൗദ്യോഗിക ബഹുമതികളോടെ നടന്നു.

കൊല്ലം ശാസ്താംകോട്ടയിൽ പദ്മനാഭപിള്ളയുടെയും സരസ്വതിഭായിയുടെയും മകനായി 1952 ഫെബ്രുവരി 2ന് ജനിച്ചു.

കേരള സർവകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തരബിരുദവും ബി.എഡും, തൃശൂർ സ്‌കൂൾ ഒഫ് ഡ്രാമയിൽ നിന്ന് നാടകതിയേറ്റർ കലയിൽ ബിരുദവുമെടുത്തു. സ്‌കൂൾ ഒഫ് ഡ്രാമയിലും എം.ജി സർവകലാശാലയിലെ സ്‌കൂൾ ഒഫ് ലെറ്റേഴ്സിലും അദ്ധ്യാപകനായിരുന്നു. മകുടി, പാവം ഉസ്മാൻ, മായാസീതങ്കം, നാടകോത്സവം തുടങ്ങി നിരവധി നാടകങ്ങൾ രചിച്ചു.

ഉള്ളടക്കം, അങ്കിൾ ബൺ, പവിത്രം, തച്ചോളി വർഗീസ് ചേകവർ, അഗ്‌നിദേവൻ, മാനസം, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവുമെഴുതി. വക്കാലത്ത് നാരായണൻ കുട്ടി, ശേഷം, പുനരധിവാസം, ഇവർ, ശിവം, ജലമർമ്മരം, ബ്യൂട്ടിഫുൾ, മഹാസമുദ്രം, ട്രിവാൻഡ്രം ലോഡ്ജ്, അന്നയും റസൂലും, ദാവീദ് ആന്റ് ഗോലിയാത്ത്, ഇമ്മാനുവൽ, കടൽ കടന്നൊരു മാത്തുക്കുട്ടി, ജിഞ്ചർ തുടങ്ങി നാല്പതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.

ടി.കെ.രാജീവ്കുമാർ സംവിധാനം ചെയ്ത 'കോളാമ്പി'യിലാണ് അവസാനം അഭിനയിച്ചത്. ഇവൻ മേഘരൂപൻ എന്ന സിനിമയിലൂടെ ചലച്ചിത്രസംവിധായകനായി.

കേരള സാഹിത്യ അക്കാഡമി അവാർഡ്, സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ്, തിരക്കഥയ്ക്ക് സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നാടകത്തിനുള്ള കേരള സംഗീതനാടക അക്കാഡമി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. പി.കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ ഇവൻ മേഘരൂപൻ 2012ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിരുന്നു.

ഭാര്യ വൈക്കം നഗരസഭ ചെയർപേഴ്‌സണായിരുന്ന ശ്രീലത ബാലചന്ദ്രൻ. ശ്രീകാന്ത് ചന്ദ്രൻ, പാർവതി ചന്ദ്രൻ എന്നിവർ മക്കളാണ്.

ചലച്ചിത്ര, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ അന്തിമോപചാരമർപ്പിച്ചു.