കോട്ടയം : കോട്ടയത്ത് ഒമ്പത് നിയമസഭാ സീറ്റിൽ നാലു സീറ്റുകളിൽ വീതം കൂടുതൽ പ്രതീക്ഷ അർപ്പിച്ച് എൽ.ഡി.എഫും യു.ഡി.എഫും. ചതുഷ്കോണമത്സരം നടക്കുന്ന പൂഞ്ഞാറിൽ പ്രവചനം അസാദ്ധ്യമെന്ന വിലയിരുത്തലിലാണ് മുന്നണികൾ. തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ പുതുപ്പള്ളി , കോട്ടയം മണ്ഡലങ്ങളിലാണ് യു.ഡി.എഫ് ഉറപ്പ് പറഞ്ഞിരുന്നത്. വൈക്കം, ഏറ്റുമാനൂർ, പാലാ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ ഇടതു മുന്നണിയും. കടുത്ത മത്സരം നടക്കുന്ന പാലാ, കടുത്തുരുത്തി, ചങ്ങനാശേരി മണ്ഡലങ്ങൾ യു.ഡി.എഫ് ജയസാദ്ധ്യതയിൽ പെടുത്തിയിരിക്കുകയാണിപ്പോൾ. പ്രചാരണം അവസാന ഘട്ടത്തിലെത്തിയപ്പോൾ പൂഞ്ഞാർ ഇടതുമുന്നണിയും തങ്ങളുടെ സാദ്ധ്യതാ പട്ടികയിലാക്കി .
സഹതാപതരംഗത്തിന്റെ കൂടി പിന്തുണയിൽ പാലായിൽ മാണി സി. കാപ്പന്റെ വിജയം യു.ഡി.എഫ് ഉറപ്പിക്കുമ്പോൾ, ജോസ് കെ. മാണി വിജയിക്കുമെന്നാണ് ഇടതു മുന്നണി പ്രതീക്ഷിക്കുന്നത്. പുതുപ്പള്ളിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ്മൻചാണ്ടിയുടെ വിജയത്തെക്കുറിച്ച് ആരും സംശയം പ്രകടിപ്പിക്കുന്നില്ല. പുതുപ്പള്ളിയിലെ എട്ടിൽ ആറ് പഞ്ചായത്തിലും തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കുണ്ടായ വിജയം ഉമ്മൻചാണ്ടി മത്സരിക്കുമ്പോൾ ഒരിക്കലും ഉണ്ടാകില്ല, ലീഡ് ഉയരുകയേ ഉള്ളുവെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. അഡ്വ. കെ.അനിൽകുമാർ സ്ഥാനാർത്ഥിയായെത്തിയതോടെ കടുത്ത പോരാട്ടം നടക്കുന്ന കോട്ടയത്ത് ഇടതു മുന്നണി പ്രതീക്ഷ വയ്ക്കുമ്പോൾ , കഴിഞ്ഞ തവണ ലഭിച്ചതിലും കൂടുതൽ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചത്.
ശക്തമായ ചതുഷ്കോണ മത്സരം നടക്കുന്ന രണ്ട് മണ്ഡലങ്ങളാണ് ഏറ്റുമാനൂരും പൂഞ്ഞാറും. ഏറ്റുമാനൂരിൽ പ്രചാരണത്തിൽ മുന്നിലെത്തിയ ഇടതു സ്ഥാനാർത്ഥി വി.എൻ.വാസവൻ വിജയം ഉറപ്പു പറയുന്നു. മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷയായിരുന്ന ലതികാ സുഭാഷിന്റെ സ്ഥാനാർത്ഥിത്വം ഗുണകരമാകുമെന്നും പ്രതീക്ഷിക്കുന്നു.
പൂഞ്ഞാറിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണ്. വ്യക്തിപരമായി തനിക്കുള്ള വോട്ടുകൾ സമാഹരിച്ച് ഈ തിരഞ്ഞെടുപ്പിലും അട്ടിമറി ജയം നേടാമെന്ന് പി.സി. ജോർജ് കണക്കു കൂട്ടുമ്പോൾ ഇടതു സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കലും വിജയ പ്രതീക്ഷയിലാണ് .
ഇടതു മുന്നണിയിൽ സി.പി.ഐ മത്സരിക്കുന്ന ഏക സീറ്റായ വൈക്കം സി.കെ.ആശയിലൂടെ വീണ്ടും ചുവപ്പിക്കാമെന്ന വിശ്വാസത്തിലാണ് ഇടതു മുന്നണി. അൽഫോൻസ് കണ്ണന്താനം മത്സരിക്കുന്ന കാഞ്ഞിരപ്പള്ളിയിലാണ് എൻ.ഡി.എ പ്രതീക്ഷ.
മിക്ക മണ്ഡലങ്ങളിലും കടുത്ത പോരാട്ടം നടക്കുന്നതിനാൽ പോളിംഗ് 80 ശതമാനത്തിന് മുകളിൽ വരെ ഉയരാം. ഉയർന്ന പോളിംഗ് തങ്ങളെ തുണക്കുമെന്ന അവകാശവാദമാണ് ഇരു മുന്നണികളും നടത്തുന്നത്.