poling

കോട്ടയം: പഴുതടച്ചുള്ള സുരക്ഷയോടെ നിയമസഭാ തിരഞ്ഞെടുപ്പിനായി ജില്ലയിലെ 2406 പോളിംഗ് ബൂത്തുകളും ഒരുങ്ങി. രാവിലെ ആറു മുതൽ വൈകിട്ട് ഏഴ് വരെ വോട്ടിംഗ് മെഷീനുകളിൽ നിന്ന് ജനാധിപത്യത്തിന്റെ ബീപ് ശബ്ദം മുഴങ്ങും.

പോളിംഗ് സാമഗ്രികളുമായി ഇന്നലെ ബൂത്തുകളിൽ എത്തിയ ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശ പ്രകാരമുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി. ഇന്ന് രാവിലെ 5.30ന് പോളിംഗ് ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ മോക് പോളിന് ശേഷമാണ് വോട്ടെടുപ്പ്.

വൈകിട്ട് ആറു മുതൽ ഏഴുവരെ കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും വോട്ടു രേഖപ്പെടുത്താം. ഈ സമയത്ത് ക്യൂവിലുള്ള മറ്റു വോട്ടർമാർ വോട്ടു ചെയ്തശേഷമായിരിക്കും ഇവർക്ക് അവസരം നൽകുക.

പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥരെ പ്രത്യേകം ഏർപ്പെടുത്തിയ വാഹനങ്ങളിൽ പൊലീസ് സംരക്ഷണത്തിലാണ് ബൂത്തുകളിൽ എത്തിച്ചത്. വിതരണ കേന്ദ്രങ്ങളിലെ ക്രമീകരണങ്ങൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ എം. അഞ്ജന വിലയിരുത്തി.

ആകെ വോട്ടർമാർ: 1593575

പുരുഷൻ: 778117

സ്ത്രീകൾ: 815448

ട്രാൻസ്‌ജെൻഡേഴ്സ്:10

2016ലെ പോളിംഗ്- 76.5%