കോട്ടയം: പരമാവധി ആളുകളെ കാണുകയായിരുന്നു ഇന്നലെ സ്ഥാനാർത്ഥികൾ. അടിയൊഴുക്കുകൾ ഉണ്ടാകാനിടയുള്ളിടങ്ങളിലെല്ലാം സന്ദർശിച്ച് വോട്ടുറപ്പിച്ചു. പ്രമുഖരെ ഫോണിൽ വിളിച്ചും നേരിൽക്കണ്ടും സഹായം തേടി. ജില്ലയിലെ എല്ലാ സ്ഥാനാർത്ഥികളും ഇന്നലെ മണ്ഡലത്തിന്റെ വിവിധ കോണുകളിലുണ്ടായിരുന്നു.
തങ്ങളുടെ കോട്ട ഇളകില്ലെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. ഇന്ന് ബൂത്തിലേക്കെത്തുന്നത് . അട്ടിമറിക്ക് എൽ.ഡി.എഫും എൻ.ഡി.എയും. പുറമേ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും സുനിശ്ചിതമെന്നു കരുതിയ സീറ്റുകളിൽ പോലും പ്രതീക്ഷിക്കാത്ത മത്സരമുണ്ടായതിൽ യു.ഡി.എഫ്. ക്യാമ്പിന് ആശങ്കയുണ്ട്.
കോട്ടയം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹൻ നിശബ്ദ പ്രചാരണത്തിലും വീടുകൾ കയറിയിറങ്ങി. വെള്ളൂത്തുരുത്ത് മേഖലയിലെ വോട്ടർമാരെ കണ്ടു. പാറമ്പുഴ, കഞ്ഞിക്കുഴി , പനച്ചിക്കാട് മേഖലകളിലും വീടുകൾ കയറി. എൽ.ഡി.എഫിലെ കെ.അനിൽകുമാർ മണ്ഡലത്തിലെ കല്യാണ, മരണ വീടുകളിൽ സന്ദർശിച്ചും സാന്ത്വനിപ്പിച്ചും ഇന്നലെ സമയം ചെലവഴിച്ചു. പിന്നീട് പരമ്പരാഗത ന്യൂനപക്ഷ വോട്ടുകൾ ഉറപ്പിക്കാനുള്ള ശ്രദ്ധയിലായിരുന്നു.
കടുത്തുരുത്തി മണ്ഡലത്തിലെ എല്ലാ യു.ഡി.എഫ് ബൂത്ത് കേന്ദ്രങ്ങളിലും സ്ഥാനാർത്ഥി അഡ്വ. മോൻസ് ജോസഫ് നേരിട്ടെത്തി. എല്ലാം വോട്ടർമാരും പോളിംഗ് ബൂത്തുകളിൽ എത്തുമെന്ന് ഉറപ്പാക്കാൻ ശ്രദ്ധിക്കണമെന്ന് പ്രാദേശിക നേതാക്കളോട് അഭ്യർത്ഥിക്കുന്നതിനാണ് രാവിലെ മുതൽ മോൻസ് ജോസഫ് സമയം കണ്ടെത്തിയത്. പുതുപ്പള്ളിയിലെ എൻ.ഡി.എ സ്ഥാനാർത്ഥി എൻ. ഹരി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പ്രവർത്തകർക്കൊപ്പം പരമാവധി വോട്ടർമാരെ നേരിൽ കണ്ടു.