കോട്ടയം: പൂരപ്പറമ്പിലെ നിറസാന്നിദ്ധ്യമായിരുന്ന കൊമ്പൻ കിരൺ ഗണപതി ചരിഞ്ഞു. 55 വയസായിരുന്നു. ഞായറാഴ്ച രാത്രി പത്തരയോടെയാണ് ആനചരിഞ്ഞത്. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് നാഗമ്പടം പുത്തൻപുരയ്ക്കൽ എം.മധുവാണ് ഗണപതിയുടെ ഉടമ. കഴിഞ്ഞ ദിവസം അരൂരിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ എഴുന്നള്ളത്തിന് ആനയെ കൊണ്ടുപോയിരുന്നു. ഞായറാഴ്ച രാത്രിയിൽ എഴുന്നള്ളത്തിന് ശേഷം ആനയെ ക്ഷേത്രത്തിന് സമീപത്തെ പുരയിടത്തിലാണ് തളച്ചത്. പുരയിടത്തിൽ കിടന്ന് ഉറക്കുന്നതിനിടെ ആന ഒരു തവണ ഞെട്ടി ഉണരുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നവെന്ന് പാപ്പാന്മാർ പറയുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. കോട്ടയത്ത് നിന്നും ഫോറസ്റ്റ് വകുപ്പ് അധികൃതരും വെറ്റിനറി ഡോക്ടറും സ്ഥലത്തെത്തി പരിശോധന നടത്തി. പൊതുവെ ശാന്ത സ്വഭാവക്കാരനായ ഗണപതിയെ 30 വർഷങ്ങൾക്ക് മുൻപാണ് മധു വാങ്ങുന്നത്. ആനയുടെ മൃതദേഹം കടയനിക്കാട്ടെ പുരയിടത്തിലെത്തിച്ച് സംസ്കരിക്കും.