പൊൻകുന്നം:സിനിമ,നാടകം,സാഹിത്യം തുടങ്ങിയ മേഖലകളിലെ അതുല്യപ്രതിഭയായ പി.ബാലചന്ദ്രന്റെ വേർപാട് ജനകീയവായനശാലയ്ക്ക് ഒരു സന്തതസഹചാരിയ നഷ്ടമായതുപോലെ.ഒരിക്കൽ ഇവിടെ വന്നുപോയ പി.ബാലചന്ദ്രൻ ആ ബന്ധം മരണംവരെയും കാത്തുസൂക്ഷിച്ചിരുന്നു. സമയം ലഭിച്ചപ്പോഴൊക്കെ അദ്ദേഹം വായനശാലാ ഭാരവാഹികളും പ്രവർത്തകരുമായി വിശേഷങ്ങൾ പങ്കുവെച്ചിരുന്നു.
പാലാ തീയേറ്റർ ഹട്ടിന്റെയും പനമറ്റം ദേശീയവായനശാലയുടെയും സഹകരണത്തോടെ 2012ൽ നടത്തിയ രംഗാവതരണ ശില്പശാലയിലാണ് പി.ബാലചന്ദ്രൻ യുവജനവേദി പ്രവർത്തകർക്കായി ക്ലാസ് നയിച്ചത്. പ്രശസ്ത നാടകാചാര്യൻ പ്രൊഫ.എസ്.രാമാനുജത്തിനൊപ്പമായിരുന്നു ഒരുദിവസം മുഴുവൻ പ്രവർത്തകർക്കൊപ്പം അദ്ദേഹം ചെലവഴിച്ചത്. അഭിനയം, എഴുത്ത്, സംവിധാനം തുടങ്ങി രംഗാവതരണത്തിന്റെ സമസ്ത മേഖലയും ഉൾപ്പെടുന്ന പാഠങ്ങളാണ് ബാലചന്ദ്രൻ പകർന്നുനൽകിയത്.