പാലാ:കുമ്മണ്ണൂർ നടയ്ക്കാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ 14 അടി ഉയരമുള്ള ഗരുഡവിഗ്രഹം സ്ഥാപിച്ചു. കുഞ്ചൻനമ്പ്യാർ സ്മാരക സാംസ്‌ക്കാരിക സമിതിയും കേശവനാചാരി ഗരുഡൻ തൂക്ക വിദ്യാപീഠവും ചേർന്നാണ് ഭക്തജനപങ്കാളിത്തോടെ ഗരുഡവിഗ്രഹം ക്ഷേത്രത്തിന്റെ മുൻവശത്തായി സജ്ജമാക്കിയത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വിഗ്രഹ തിരുമുഖ സമർപ്പണം നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ അക്ഷരശ്രീ പുരസ്‌ക്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്കും പി.വി.എൻ നമ്പൂതിരി സ്മാരക സ്മൃതി ദർപ്പണ പുരസ്സ്‌കാരം മനോജ് നമ്പൂതിരിക്കും സമർപ്പിക്കും. വൈകിട്ട് മൂന്നിന് നടത്തുന്ന സാംസ്‌ക്കാരിക സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മിസോറാം ഗവർണർ പി.എസ് ശ്രീധരൻപിള്ള ഗരുഡവിഗ്രഹ നേത്രോന്മീലനവും അക്ഷരശ്രീ പുരസ്‌ക്കാര സമർപ്പണവും നിർവ്വഹിക്കും. മോൻസ് ജോസഫ് സ്മൃതി സമർപ്പണ പുരസ്‌ക്കാരം സമർപ്പിക്കും. കുഞ്ചർനമ്പ്യാർ സമിതി സെക്രട്ടറി കൂടിയായ സൂര്യകാന്ത് വിജയനാണ് ഗരുഡവിഗ്രഹത്തിന്റെ ശില്പി. ചടങ്ങിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി,സുരേഷ് കുറുപ്പ് എം.എൽ.എ, തോട്ടം ദിവാകരൻ നമ്പൂതിരി എന്നിവർ പ്രസംഗിക്കും. പത്രസമ്മേളനത്തിൽ കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി പ്രസിഡന്റ് സഞ്ജീവ് വി.പി നമ്പൂതിരി, ബിജോയ് കൃഷ്ണൻ, കെ.കെ ഗോപിനാഥൻ എന്നിവർ പങ്കെടുത്തു.