voting

കോട്ടയം: കോട്ടയം ജില്ലയിൽ പോളിംഗ് സമാധാനപരം. മിക്ക ബൂത്തുകളിലും നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. രാവിലെ ആറിനുമുമ്പുതന്നെ ക്യൂവിൽ സ്ഥാനം പിടിച്ചവരുടെ എണ്ണം ഇക്കുറി കൂടുതലാണ്. ആദ്യത്തെ ഒരു മണിക്കൂറിനകം ജില്ലയിൽ 5.6 ശതമാനം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. 9 മണിയായപ്പോൾ9.5 ശതമാനത്തോളം ആളുകൾ വോട്ടുകൾ രേഖപ്പെടുത്തി. പത്തുമണിയായപ്പോൾ ഇത് പന്ത്രണ്ട് ശതമാനം കഴിഞ്ഞിരുന്നു. ഇങ്ങനെപോയാൽ ഇക്കുറി ജില്ലയിൽ പോളിംഗ് ശതമാനം കൂടുമെന്നാണ് കരുതുന്നത്.

പൊൻപള്ളി ബൂത്തിൽ വോട്ടിംഗ് ആരംഭിക്കാൻ മുക്കാൽ മണിക്കൂർ സമയം വൈകി. മെഷീൻ കേടായതിനെ തുടർന്നാണിത്. വേറെ മെഷിൻ കോണ്ടുവന്ന് പോളിംഗ് ആരംഭിച്ചപ്പോൾ 7.45 കഴിഞ്ഞിരുന്നു. ഈ ബൂത്തിൽ രാവിലെ തന്നെ ആളുകൾ വോട്ട് ചെയ്യാൻ എത്തിയിരുന്നു.

അയ്മനം, വേളൂർ, കുടയംപടി ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂവാണ് രാവിലെ തന്നെ പ്രത്യക്ഷപ്പെട്ടത്. കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ സ്കൂളിലെ ബൂത്തിലും നല്ല തിരക്കായിരുന്നു.

തിരക്ക് കൂടിയതോടെ മിക്ക ബൂത്തുകളിലും സാമൂഹിക അകലം പാലിക്കപ്പെട്ടില്ല. പൊലീസും എൻ.സി.സി കേഡറ്റുകളും ചേർന്ന് ആളുകൾ അകലം പാലിക്കാൻ നിർദ്ദേശിക്കുന്നുണ്ടായിരുന്നു.

ചങ്ങനാശേരി അസംപ്ഷൻ കോളേജിലെ ബൂത്തിൽ രാവിലെ ഏഴിനുതന്നെ ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടവും ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോസഫ് പൗവത്തിലും എത്തി വോട്ട് ചെയ്തു. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വാഴപ്പള്ളി സെന്റ് തേരേസാസ് ഹൈസ്കൂളിലെ ബൂത്തിൽ കുടുംബസമേതം എത്തിയാണ് വോട്ട് ചെയ്തത്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുതുപ്പള്ളി സെന്റ് ജോർജ് സ്കൂളിലെ ബൂത്തിൽ രാവിലെ 9.30 ഓടെ ഭാര്യമറിയാമ്മയോടും മക്കളോടുമൊപ്പമെത്തിയാമ് വോട്ട് രേഖപ്പെടുത്തിയത്.

ചങ്ങനാശേരിയിലെ യു.ഡ‌ി.എഫ് സ്ഥാനാർത്ഥി വി.ജെ ലാലി ചീരംചിറ സർവീസ് സഹകരണ ബാങ്കിലെ ബൂത്തിലെത്തി വോട്ടു ചെയ്തു. ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ.ജോബ് മൈക്കിൾ കുറിച്ചി ലിറ്റിൽ ഫ്ലവർ എൽ.പി സ്കൂളിലെ ബൂത്തിലാണ് വോട്ട് ചെയ്തത്. എൻ.ഡി.എ സ്ഥാനാർത്ഥി ജി.രാമൻ നായർ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ കങ്ങഴ വേദഗിരി ബസേലിയോസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലാണ് വോട്ട് ചെയ്തത്.

കേരള കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ.മാണി മാതാവ് കുട്ടിയമ്മയ്ക്കും കുടുംബത്തോടുമൊപ്പം എത്തിയാണ് വോട്ട് ചെയ്തത്. പാലായിലെ യു.‌ഡി.എഫ് സ്ഥാനാർത്ഥി മാണി സി.കാപ്പനും വോട്ട് ചെയ്യാനെത്തിയത് കുടുംബസമേതമായിരുന്നു.