പുതുപ്പള്ളി: ശബരിമലയിൽ വിശ്വാസ സംരക്ഷണത്തിനായി ഓർഡിനൻസ് അടക്കം സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. പുതുപ്പള്ളിയിൽ കുടുംബത്തോടൊപ്പം വോട്ട് രേഖപ്പെടുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ഭയന്നാണ് അവസാനം ശബരിമലയിലുള്ള വിശ്വാസം പിണറായി വിജയന് ഏറ്റുപറയേണ്ടി വന്നത്. പിണറായി വിജയൻ ഇപ്പോൾ ഇങ്ങനെ പറഞ്ഞാൽ ജനം വിശ്വസിക്കില്ല. സുപ്രീം കോടതിയിൽ യുവതീ പ്രവേശനത്തിന് അനുകൂല സത്യവാംഗ്മൂലം നല്കിയത് ഇപ്പോഴും പിൻവലിച്ചിട്ടില്ല. അത് പിൻവലിച്ചിട്ടുവേണമായിരുന്നു അഭിപ്രായം പറയേണ്ടിയിരുന്നത്. വീടുകളിൽ ചെന്ന് സ്ത്രീകളെ ഇറക്കിക്കൊണ്ടുവന്ന് ശബരിമലയിൽ കയറ്റാൻ ശ്രമിച്ചു ഇടതുമുന്നണി സർക്കാർ. നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് സ്ത്രീകളെ ഇറക്കി കോട്ടയുണ്ടാക്കാൻ ശ്രമിച്ചവരാണവർ.
കോൺഗ്രസിന് ഇക്കുറി ദേശീയ തലത്തിൽതന്നെ മുന്നേറ്റം ഉണ്ടാവുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഭാര്യ മറിയാമ്മ ഉമ്മൻ, മക്കളായ മറിയ ഉമ്മൻ, ചാണ്ടി ഉമ്മൻ, അച്ചു ഉമ്മൻ എന്നിവർക്കൊപ്പം പുതുപ്പള്ളി ജോർജിയൻ പബ്ളിക് സ്കൂളിലാണ് വോട്ടു ചെയ്തത്.