കോട്ടയം: മദ്യം കഴിച്ചയാൾ ദുരൂഹ സാഹചര്യത്തിൽ പോളിംഗ് ബൂത്തിനു സമീപം കുഴഞ്ഞു വീണ് മരിച്ചു. കടപ്ലാമറ്റം ചിരട്ടോംപുറം രവീന്ദ്രനാണ് (59) മരിച്ചത്. വെള്ളമെന്നു കരുതി മദ്യത്തിൽ രാസദ്രാവകം കലർത്തി കഴിച്ചെന്നാണ് സംശയം. അതേസമയം വോട്ടെടുപ്പിന്റെ ഭാഗമായി കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് പ്രവർത്തകരാണ് വ്യാജമദ്യം വിളമ്പിയതെന്ന് യു.ഡി.എഫ് ആരോപിച്ചു.

ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. രാവിലെ വോട്ടിട്ട ശേഷം കടപ്ലാമറ്റത്തെ പോളിംഗ് ബൂത്തിനു സമീപത്തെ കൈതച്ചക്ക ഫാമിൽ നിന്ന് രവീന്ദ്രൻ മദ്യപിച്ചിരുന്നു. അവിട‌െ നിന്നിറങ്ങിയ ഇയാൾ ഛർദിക്കുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

എക്‌സൈസ് ഉദ്യോഗസ്ഥർ സംഭവസ്ഥലം പരിശോധിച്ചു. കൈതച്ചക്ക ഫാമിൽ ഉപയോഗിക്കുന്ന രാസദ്രാവകം വെള്ളമാണെന്നു കരുതി മദ്യത്തിൽ കലർത്തി കഴിച്ചെന്നാണ് സംശയിക്കുന്നത്. ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ.