കട്ടപ്പന: സൗഹൃദത്തിന്റെ മാതൃകയാണ് കോവിൽമലയിലെ രാഷ്ട്രീയം. അത് ഇത്തവണയും തുടർന്നു. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾക്ക് ഒരേ പന്തലിൽ ബൂത്തൊരുക്കിയാണ് ഈ മാതൃകയൊരുക്കിയത്. ഇടുക്കി, കാഞ്ചിയാർ പഞ്ചായത്തിലെ കോവിൽമല ഗവ. യു.പി സ്‌കൂളിന് സമീപമാണ് മൂന്ന് മുന്നണികളും ഒരു കുടക്കീഴിൽ അണിനിരന്നത്.
ബൂത്തുകൾ നിർമ്മിക്കാനുള്ള സാധനങ്ങൾ ഒരേ സ്ഥലത്തെത്തിച്ചപ്പോഴാണ് ഒരു പന്തൽ മതിയെന്ന ആശയത്തിലേക്ക് മൂന്ന് കൂട്ടരുമെത്തിയത്. തുടർന്ന് എല്ലാവരും ചേർന്ന് പന്തൽ നിർമ്മിച്ചു. മൂന്ന് മുന്നണികൾക്കും മൂന്നിടങ്ങളിലായി മേശകളും കസേരകളും സജ്ജമാക്കി. അവരവരുടെ സ്ഥലങ്ങളിൽ സ്ഥാനാർത്ഥികളുടെ ബോർഡുകളും സ്ഥാപിച്ചു.
ഇന്നലെ രാവിലെ മുതൽ സൗഹൃദമെന്ന പൊതുരാഷ്ട്രീയ നിലപാടിൽ ഒരുമിച്ച് പ്രവർത്തിച്ചു. സ്ലിപ്പ് എഴുതാനും വോട്ടർ പട്ടികയിലെ പേര് കണ്ടെത്താൻ പരസ്‌പരം സഹായിച്ചു. എല്ലാവർക്കും പ്രഭാതഭക്ഷണവും ഉച്ചയൂണും തയ്യാറാക്കിയത് ഒരേസ്ഥലത്താണ്. പരസ്പരം വിളമ്പിയും ഒരുമിച്ചിരുന്ന് കഴിച്ചും കോവിൽമലക്കാർ വോട്ടെടുപ്പ് ദിനം വേറിട്ടതായി.
തിരഞ്ഞെടുപ്പ് ദിനം സൗഹൃദാന്തരീക്ഷമാക്കി മാറ്റുകയായിരുന്നു പ്രധാന ഉദ്ദേശ്യമെന്ന് കോൺഗ്രസ് വാർഡ് പ്രസിഡന്റ് രമേഷ് ഗോപാലൻ പറയുന്നു. രാഷ്ട്രീയത്തിൽ വ്യത്യസ്ത നിലപാടുകളുണ്ടെങ്കിലും അതൊന്നും ബന്ധങ്ങളെ ബാധിക്കാറില്ലെന്നാണ് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി അംഗം ശശി കണ്ണമുണ്ടയുടെ നിലപാട്. കോവിൽമലയിൽ രാഷ്ട്രീയ സംഘർഷങ്ങളോ തർക്കങ്ങളോ ഉണ്ടാകാറില്ലെന്നും ഒരേസ്ഥലത്ത് പ്രവർത്തിക്കാൻ കഴിഞ്ഞത് മാതൃകാപരമാണെന്നും സി.പി.എം അമ്പലമേട് ബ്രാഞ്ച് സെക്രട്ടറി ശ്യാം സാബുവും പറഞ്ഞു.