ഏറ്റുമാനൂർ: സി.പി.എം വിട്ടു കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ എത്തിയ ബൂത്ത് ഏജന്റിന് സി.പി.എം കേരള കോൺഗ്രസ് (എം) പ്രവർത്തകരുടെ മർദ്ദനം. യു.ഡി.എഫിന്റെ ബൂത്ത് ഏജന്റ് ബെന്നി കാട്ടൂപ്പാറയ്ക്കാണ് മർദ്ദനമേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. അതിരമ്പുഴയിലെ 42ാം ബൂത്തിൽ ബൂത്ത് ഏജന്റായിരുന്നു ബെന്നി. ഉച്ചയ്ക്ക് ബൂത്തിനു മുന്നിൽ നിൽക്കുകയായിരുന്ന ബെന്നിയെ ഇതുവഴി എത്തിയ സി.പി.എം കേരള കോൺഗ്രസ് എം പ്രവർത്തകർ ചേർന്നു മർദിക്കുകയായിരുന്നു. ബൂത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ നോക്കി നിൽക്കെയാണ് മർദ്ദനമെന്നാണ് പരാതി. പരാജയഭീതിയിലാണ് ഇടതുമുന്നണി അക്രമം അഴിച്ചുവിടുന്നതെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ് ആരോപിച്ചു. പരിക്കേറ്റ ബെന്നിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.