vot

കോട്ടയം: വോട്ടെടുപ്പ് അവസാനിച്ചപ്പോൾ ഇടതു വലതു മുന്നണികളും പ്രമുഖ സ്ഥാനാർത്ഥികളും അമിത പ്രതീക്ഷയിൽ. പോളിംഗ് ശതമാനത്തിൽ വലിയ കുറവുണ്ടാകാത്തത് തങ്ങളെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ.

ജില്ലയിൽ യു.ഡി.എഫ് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോഷി ഫിലിപ്പ് അവകാശപ്പെട്ടു. കോൺഗ്രസ് മത്സരിക്കുന്ന പുതുപ്പള്ളി, കോട്ടയം മണ്ഡലങ്ങൾ വലിയ ഭൂരിപക്ഷത്തിൽ നിലനിറുത്തും. ഇടതു കോട്ടയെന്ന് അവകാശപ്പെടുന്ന വൈക്കത്ത് കോൺഗ്രസ് സ്ഥാനാർത്ഥി ഡോ.പി.ആർ. സോനയ്ക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞു. മാണി സി. കാപ്പൻ മത്സരിക്കുന്ന പാലായിലും ജോസഫ് വിഭാഗം സ്ഥാനാർത്ഥികളുടെ മണ്ഡലങ്ങളിലും ജയപ്രതീക്ഷയുണ്ട്. യു.ഡി.എഫ് കോട്ടയെന്ന പാരമ്പര്യം ഈ തിരഞ്ഞെടുപ്പിലും കോട്ടയം നിലനിറുത്തുമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് കോട്ട തകർത്ത് ഇടതു മുന്നണി കോട്ടയത്ത് വൻ മുന്നേറ്റം നടത്തുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എ.വി.റസൽ അവകാശപ്പെട്ടു. കേരള കോൺഗ്രസ് ജോസിന്റെ കൂടി പിന്തുണയിൽ ജില്ലയിലെ ഭൂരിപക്ഷം സീറ്റുകളും ഇടതു മുന്നണി നേടും. പുതുപ്പള്ളി കോട്ടയം മണ്ഡലങ്ങളിൽ വരെ അട്ടിമറി ഉണ്ടാകുമെന്ന് റസൽ അവകാശപ്പെട്ടു.

കാഞ്ഞിരപ്പള്ളിയിൽ എൻ.ഡി.എ അട്ടിമറി ജയം നേടുന്നതിനു പുറമേ മറ്റു മണ്ഡലങ്ങളിൽ വലിയ മുന്നേറ്റം നടത്തുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു പറഞ്ഞു. എല്ലാ മണ്ഡലങ്ങളും ശക്തമായ ത്രികോണമത്സരത്തിലേക്ക് എത്തിക്കാൻ ദേശീയ നേതാക്കൾ വരെ പങ്കെടുത്ത പ്രചാരണം വഴി കഴിഞ്ഞതായും നോബിൾ അവകാശപ്പെട്ടു.

കോട്ടയം ജില്ലയിൽ കേരളകോൺഗ്രസ് എം വലിയ മുന്നേറ്റം നടത്തുമെന്ന് ചെയർമാൻ ജോസ് കെ മാണി അവകാശപ്പെട്ടു. 15000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് പാലായിലെ യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി. കാപ്പൻ പറഞ്ഞു.

കോട്ടയത്ത് വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചപ്പോൾ പരമാവധി വോട്ടുകൾ ചെയ്യിക്കാൻ കഴിഞ്ഞതിനാൽ ഉറപ്പായും വിജയിക്കുമെന്ന് ഇടതു സ്ഥാനാർത്ഥി അഡ്വ. കെ.അനിൽകുമാർ അവകാശപ്പെട്ടു.

പരമാവധി വോട്ടുകൾ ചെയ്യിക്കാനായതിനാൽ ഏറ്റുമാനൂരിൽ നല്ല ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് ഇടതു മുന്നണി സ്ഥാനാർത്ഥി വി.എൻ.വാസവൻ പറഞ്ഞു. യു.ഡി.എഫ് ശക്തികേന്ദ്രങ്ങളിൽ നല്ല മുന്നേറ്റമുണ്ടാക്കാനായെന്ന് അഡ്വ. പ്രിൻസ് ലൂക്കോസ് പറഞ്ഞു. ഏറ്റുമാനൂരിൽ അട്ടിമറി ജയം നേടാനാവുമെന്ന് ജനങ്ങളുടെ പ്രതികരണം തെളിയിച്ചതായി സ്വതന്ത്ര സ്ഥാനാർത്ഥി ലതികാ സുഭാഷ് അവകാശപ്പെട്ടു.

മുന്നണി സ്ഥാനാർത്ഥികളെ പിന്തള്ളി പൂഞ്ഞാറിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ചതിലും കൂടിയ ഭൂരിപക്ഷത്തിൽ ഇക്കുറിയും വിജയിക്കുമെന്ന് പി.സി.ജോർജ് പറഞ്ഞു. എസ്.ഡി.പി.ഐക്ക് 2500 വോട്ടുകളേ ഉള്ളൂ .അത് എതിരായാലും പ്രശ്നമില്ലെന്നും ജോർജ് വ്യക്തമാക്കി.