മുണ്ടക്കയം: പൂഞ്ഞാർ മണ്ഡലത്തിന്റെ പല പ്രദേശങ്ങളിലും കനത്തമഴ പെയ്തത് ഉച്ചയ്ക്ക് ശേഷം വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് എത്തിക്കുന്നതിന് തടസമായി. മണ്ഡലത്തിലെ പലയിടത്തും കനത്ത കാറ്റിൻ മരങ്ങൾ കടപുഴകി വീണ് വൈദ്യുതി ബന്ധം ഉൾപ്പെടെ തകരാറിലായിരുന്നു. രാവിലെ തന്നെ പോളിംഗ് സ്റ്റേഷനുകളിൽ നീണ്ട ക്യൂ ദൃശ്യമായിരുന്നു. എരുമേലി കുറുവാമൂഴി കൊരട്ടി സെന്റ്.മേരീസ് സ്‌കൂൾ 47ാം നമ്പർ ബൂത്തിന് സമീപം സി.പി.എം, കോൺ പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായി .ബൂത്തിന് സമീപം പ്രവർത്തകർ നിന്നത് ചോദ്യം ചെയ്തതാണ് തർക്കത്തിന് വഴിവച്ചത്. പൊലീസെത്തി പ്രവർത്തകരെ പിരിച്ചുവിട്ടു.ചില ബൂത്തുകളിൽ വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കിയത് ബൂത്തുകളിലെത്തിയ വോട്ടർമാരെ നീണ്ട ക്യൂവിലാക്കി.