polling

പാലാ: രാവിലെ ശാന്തമായി മുന്നേറിയ പോളിംഗ് ഉച്ചയോടെ കനത്തു. ഉച്ചകഴിഞ്ഞ് രണ്ടരയോടെ കനത്ത മഴയും കാറ്റും ഉണ്ടായത് പോളിംഗ് മന്ദഗതിയിലാക്കി. പല സ്ഥലങ്ങളിലും വെളിച്ചക്കുറവ് പോളിംഗ് തടസപ്പെടുത്തി. കൊഴുവനാൽ, പാലാ സെന്റ് തോമസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ ഏറെ നേരം പോളിംഗ് നിർത്തിവച്ചു. പല സ്ഥലങ്ങളിലും ഒന്നര മണിക്കൂറോളം മഴ തുടരുന്നുണ്ടായിരുന്നു. പിന്നീട് അന്തരീക്ഷം ഏറെക്കുറെ തെളിഞ്ഞു. പോളിംഗ് ബൂത്തുകൾക്ക് സമീപം രാഷ്ട്രീയപാർട്ടികൾ താല്ക്കാലികമായി കെട്ടിയൊരുക്കിയ ബൂത്തുകളൊക്കെ മഴയിലും കാറ്റിലും തകർന്നു. രാവിലെ മുതൽ തന്നെ വിവിധ രാഷ്ട്രീയപാർട്ടിയുടെ പ്രവർത്തകർ ആവേശത്തോടെയാണ് വോട്ടെടുപ്പിനെ സമീപിച്ചത്. തങ്ങളുടെ വോട്ടുകൾ പരമാവധി ചെയ്യിപ്പിക്കുന്നതിനും ആളുകളെ കൂട്ടിക്കൊണ്ടുവരുന്നതിനും ഉത്സാഹിക്കുന്നത് കാണാമായിരുന്നു.

യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി. കാപ്പൻ കാനാട്ടുപാറ പോളിടെക്‌നിക്ക് സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസഫ് പള്ളിക്കാപറമ്പിൽ, സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ എന്നിവർ പാലാ സെന്റ് തോമസ് ബി.എഡ് കോളേജ് സെന്ററിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.