election

കോട്ടയം: ഉച്ചവരെ കനത്ത പോളിംഗ്. മഴ വന്നതോടെ ഒന്നു പമ്മി. അവസാന നിമിഷങ്ങളിലേയ്ക്ക് കടന്നപ്പോൾ വീണ്ടും കനത്തു. മോക്ക് പോളിന് ശേഷം രാവിലെ കൃത്യം 7ന് ജില്ലയിലെ ഭൂരിഭാഗം ബൂത്തുകളിലും വോട്ടെടുപ്പ് ആരംഭിച്ചു. വോട്ടിംഗ് മെഷീൻ പണിമുടക്കിയത് പ്രശ്നമായി. ഏറ്റുമാനൂരിൽ സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്നയാളെ മർദ്ദിച്ചതൊഴിച്ചാൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. ഒരു മണിക്കൂർ പിന്നിട്ടപ്പോൾ 7.43 ശതമാനത്തോടെ പുതുപ്പള്ളിയാണ് ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത്. 2.15ഓടെ ജില്ലയിലെ പോളിംഗ് 50 ശതമാനത്തിലേയ്ക്കെത്തി. പുതുപ്പള്ളി, കോട്ടയം, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ ഉച്ചവരെ ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയപ്പോൾ പാലാ, കടുത്തുരുത്തി, പൂഞ്ഞാർ എന്നിവിടങ്ങളിൽ പോളിംഗ് കുറവായിരുന്നുവെന്നതും ശ്രദ്ധേയാണ്.

കടുത്ത ചൂടിനെ മറികടക്കാനാണ് വോട്ടർമാർ പരമാവധി നേരത്തെ വോട്ട് രേഖപ്പെടുത്താനെത്തിയത്. പകൽ പത്ത് മുതൽ ഉച്ച വരെ വോട്ടർമാരുടെ തിരക്കിന് നേരിയ ശമനം അനുഭവപ്പെട്ടു. ഉച്ചയ്ക്ക് ശേഷമുണ്ടായ കനത്ത കാറ്റും മഴയും പോളിംഗിനെ കാര്യമായി ബാധിച്ചെങ്കിലും നാലുമണിക്കു ശേഷം വീണ്ടും ഉണർവുണ്ടായി. അഞ്ചു മണിയോടെ മിക്ക ബൂത്തുകളിലും നീണ്ട ക്യൂ കാണാമായിരുന്നു. ഏഴു മണിയോടെ ജില്ലയിലെ പോളിംഗ് 71.75 ശതമാനമായി ഉയർന്നു.

കുമരകം എൻ.എൻ.സി. ജെ.എം എൽ.പി.സ്കൂളിൽ രണ്ട് തവണ യന്ത്രം കേടായതും ഉദ്യോഗസ്ഥരുടെ പരിചയക്കുറവും വോട്ടിംഗിന് താമസമായി. പാലായിലെ പല ബൂത്തുകളിലും വൈദ്യുതി മുടങ്ങിയത് വോട്ടിംഗ് തടസപ്പട്ടു. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ ആലപ്ര അന്നപൂർണ യു.പി.സ്കൂളിലെ വോട്ടിംഗ് യന്ത്രവും പണിമുടക്കിയത് മൂലം മുക്കാൽ മണിക്കൂറോളം വോട്ടിംഗ് തടസപ്പെട്ടു.