വൈക്കം: വൈക്കത്ത് വിവിധ സ്ഥലങ്ങളിലെ ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടർന്ന് വോട്ടെടുപ്പ് അര മണിക്കൂറിലധികം തടസപ്പെട്ടു. വൈക്കം ഉദയനാപുരം ഇരുമ്പൂഴിക്കര ഗവ.എൽ.പി.എസിലെ 59ാം നമ്പർ ബൂത്തിൽ രാവിലെ വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടർന്ന് ഏതാനും മിനിട്ടുകൾ വോട്ടിംഗ് തടസപ്പെട്ടു. തലയാഴം പുത്തൻപാലം ഗവൺമെന്റ് എച്ച്എസിലെ 123 ബൂത്തിലെ വോട്ടിംഗ് യന്ത്രം തകരാറിലായി. വെച്ചൂർ ഇടയാഴം സെന്റ് മേരീസ് എൽ പി സ്‌കൂളിൽ 159ാം നമ്പർ എ ബൂത്തിൽ രണ്ട് വോട്ട് ചെയ്ത് കഴിഞ്ഞപ്പോൾ വോട്ടിംഗ് യന്ത്രം തകരാറിലായി. പുതിയ യന്ത്രമെത്തിച്ചു മോക്‌പോളിംഗ് നടത്തി മുക്കാൽ മണിക്കൂറിന് ശേഷമാണ് വോട്ടിംഗ് പുനരാരംഭിച്ചത്. വെച്ചൂർ ദേവിവിലാസം സ്‌കൂളിലെ 150ാംനമ്പർ ബൂത്തിൽ വോട്ടിംഗ് യന്ത്രം തകരാറിലായി ഒരു മണിക്കൂറോളം വോട്ടിംഗ് മുടങ്ങി. തലയാഴം കൊതവറ 127ാം നമ്പർ ബൂത്തിൽ വോട്ടിംഗ് യന്ത്രം തകരാറിലായി അര മണിക്കൂറോളം വോട്ടിംഗ് തടസപ്പെട്ടിരിക്കുന്നു.