rain

പാലാ : മണ്ണിനും മനസിനും കുളിരേകി ഇന്നലെ മഴ ആർത്തലച്ചുപെയ്തപ്പോൾ സ്ഥാനാർത്ഥികളുടെയും മുന്നണി നേതാക്കളുടെയും ഇടനെഞ്ചിൽ അത് തീമഴയായി . പാലാ നഗരത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ ആരംഭിച്ച മഴയ്‌ക്കൊപ്പം കാറ്റും ആഞ്ഞുവീശി. മുന്നണികളുടെ പ്രതീക്ഷകൾ പറപ്പിച്ച കാറ്റിൽ വൈദ്യുതിബന്ധങ്ങളും തകർന്നു. കൂരിരുട്ട് പൊതിഞ്ഞ പോളിംഗ് ബൂത്തുകളിൽ ആളൊഴിഞ്ഞു. വോട്ടിംഗ് ശതമാനം കുറഞ്ഞു. ചിലയിടങ്ങളിൽ ജനറേറ്റർ എത്തിച്ച് വെളിച്ചം ലഭ്യമാക്കി.

നാലരയോടെ മാനത്തെ തെളിമയുടെ ശതമാനം ഉയർന്നുവെങ്കിലും പോളിംഗ് ബൂത്തിലേക്ക് വരാൻ വോട്ടർമാർ മടിച്ചു. നേതാക്കളുടെ മുഖത്താവട്ടെ ആശങ്കയുടെ കാർമേഘം .

ഒടുവിൽ മുന്നണികളുടെ വാഹനങ്ങൾ വീടുകളിലേക്ക് പാഞ്ഞു. വോട്ട് ചെയ്യാത്തവരെ തൂത്തെടുത്ത് വീണ്ടും പോളിംഗ് ബൂത്തിലേക്ക്. വോട്ടിംഗ് മെഷീനുകൾ വീണ്ടും ചിലച്ചു.

വോട്ടെടുപ്പിന്റെ ശതമാനസൂചിക ഉയർന്ന ഗ്രാഫിലേക്ക് പാഞ്ഞുവെങ്കിലും 72 ശതമാനത്തോളം വോട്ടിടുമ്പോഴേയ്ക്കും നിശ്ചയിച്ചുറപ്പിച്ച സമയം കഴിഞ്ഞിരുന്നു. സ്ഥാനാർത്ഥികളുടെ ആശങ്കയും.

പാലാ നിയോജകമണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ അഞ്ച് ശതമാനം കുറവ് വോട്ടുകളേ ഇത്തവണ പെട്ടിയിൽ വീണുള്ളൂ.