കുമരകം: യന്ത്രതകരാർ മൂലം വോട്ടെടുപ്പ് വൈകിയ കുമരകം എൻ.എൻ.സി.ജെ.എം എൽ പി സ്കൂളിലെ 142-ാം നമ്പർ ബൂത്തിലെത്തിയ വോട്ടർമാർ പൊരിവെയിലത്ത് കാത്തുനിൽക്കേണ്ടിവന്നത് രണ്ട് മണിക്കൂർ. തകരാറിലായ യന്ത്രത്തിനു പകരം മറ്റൊരു യന്ത്രം എത്തിച്ച്‌ വോട്ടെടുപ്പു പുനരാരംഭിച്ചെങ്കിലും വീണ്ടും യന്ത്രം തകരാറിലായി. കാത്തുനിന്നു മടുത്ത സ്ത്രീകൾ ഉൾപ്പെടെയുള്ള വോട്ടർമാർ ബഹളം വെച്ചതോടെ പുനരാരംഭിച്ച വോട്ടിംഗ് വളരെ മന്ദഗതിയിലാണ് പുരോഗമിച്ചത്. വോട്ടെടുപ്പു നടത്തുന്ന മുറിയിൽ വെളിച്ചമില്ലെന്നും ചിഹ്നം പോലും കാണാനാകില്ലെന്നും വോട്ടർമാർ പരാതിപ്പെട്ടിട്ടും പരിഹാര നടപടികൾ സ്വീകരിച്ചില്ല . ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ പരിചയക്കുറവും വോട്ടർമാരെ വലച്ചു. ഉച്ചകഴിഞ്ഞ് ഉന്നത ഉദ്യോഗസ്ഥരെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വൈകുന്നേരം നാലോടെ പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ എത്തിച്ചാണ് വോട്ടെടുപ്പ് പൂർത്തിയാക്കിയത്. കുമരകം പഞ്ചായത്തിലെ മറ്റു ബൂത്തുകളിൽ വോട്ടെടുപ്പ് പ്രശ്നങ്ങളില്ലാതെ പൂർത്തിയായി.