കട്ടപ്പന: ജില്ലയിലെ ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയ ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ മുന്നണി സ്ഥാനാർത്ഥികൾ വിജയ പ്രതീക്ഷയിൽ. ഇരട്ട വോട്ട് വിവാദത്തെ തുടർന്ന് വാഹനം തടയലും നേരിയ സംഘർഷങ്ങളും ഉണ്ടായെങ്കിലും ഉയർന്ന പോളിംഗിൽ അനുകൂലമാകുമെന്നാണ് എൽ. ഡി. എഫ്, യു. ഡി.. എഫ്, എൻ.ഡി.എ ക്യാമ്പുകളുടെ വിലയിരുത്തൽ. കേരളത്തിൽ നിന്ന് ജീപ്പിൽ തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച 12 പേരെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലാക്കി. കോമ്പയാർ പട്ടത്തിമുക്കിലാണ് ബി.ജെ.പി. പ്രവർത്തകർ ജീപ്പ് തടഞ്ഞത്. ഉടുമ്പൻചോലയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ഇരട്ടവോട്ട് ചെയ്യുന്നതിനായി അതിർത്തി കടക്കുകയാണെന്ന് ഇവർ ആരോപിച്ചു. തുടർന്ന് വാഹനത്തിലുണ്ടായിരുന്ന 8 വനിതകൾ ഉൾപ്പെടെ 12 പേരെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. കൂടാതെ കൂടാതെ കേരള-തമിഴ്‌നാട് അതിർത്തിയായ ചതുരംഗപ്പാറ വഴി അതിർത്തി കടക്കാൻ ശ്രമിച്ച 8 പേരെ കേന്ദ്ര സേനയും പൊലീസും ചേർന്ന് പിടികൂടി മടക്കിയയച്ചു. സി.പി.എം. ഇരട്ടവോട്ടിന് വഴിയൊരുക്കുന്നതായി ആരോപിച്ച് കോൺഗ്രസും എൻ.ഡി.എയും രംഗത്തെത്തിയതോടെയാണ് നേരിയ സംഘർഷമുണ്ടായത്. കമ്പംമെട്ടിൽ വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. കമ്പംമെട്ടിലും നെടുങ്കണ്ടത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
എൽ.ഡി.എഫ്. സ്ഥാനാർത്ഥി എം.എം. മണി ബൈസൺവാലി ഇരുപതേക്കർ സെർവ് ഇന്ത്യ എൽ.പി. സ്‌കൂളിലും യു.ഡി.എഫ്. സ്ഥാനാർത്ഥി ഇ.എം. ആഗസ്തി കട്ടപ്പന ടൗൺ ഹാളിലും എൻ.ഡി.എ. സ്ഥാനാർത്ഥി സന്തോഷ് മാധവൻ അടിമാലി ഗവ. ഹൈസ്‌കൂളിലും വോട്ട് രേഖപ്പെടുത്തി.
1996 നേക്കാൾ വലിയ ഭൂരിപക്ഷം ഇക്കുറി ലഭിക്കുമെന്ന് ഇ.എം. ആഗസ്തി പറഞ്ഞു. ഭൂരിഭാഗം പഞ്ചായത്തുകളിലും യു.ഡി.എഫ് മേൽക്കൈ നേടും. ആളുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ആഗസ്തി പറഞ്ഞു. ഉടുമ്പൻചോല ഉൾപ്പടെ കേരളം ഇടതുപക്ഷത്തിന് അനുകൂലമായി വിധിയെഴുതിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ് പറഞ്ഞു. പിണറായി വിജയന്റെ നേതൃത്വത്തിൽ തുടർഭരണം ഉണ്ടാകും. ഉടുമ്പൻചോലയിൽ എം.എം മണി നടത്തിയ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇരു മുന്നണികളും പരാജയഭീതിയിലാണെന്നും ഇക്കുറി ഉടുമ്പൻചോലയിൽ മാറ്റമുണ്ടാകുമെന്നും മികച്ച ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും സന്തോഷ് മാധവൻ പറഞ്ഞു.