voting

കോട്ടയം: പോളിംഗിൽ അഞ്ച് ശതമാനത്തോളം കുറവ് വന്നത് മുന്നണികളെ ആശയക്കുഴപ്പത്തിലാക്കി. എന്നാൽ തങ്ങളെ ദോഷകരമായി ബാധിക്കില്ലായെന്നാണ് മുന്നണികളുടെ അവകാശവാദം. 2016ലെ തിരഞ്ഞെടുപ്പ് ശതമാനം 76.90 ആയിരുന്നെങ്കിൽ ഇക്കുറി അത് 72.13 ശതമാനമായി കുറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിനേക്കാൾ മെച്ചപ്പെട്ട വിജയമാണ് ഇടതുമുന്നണി അവകാശപ്പെടുന്നത്. ഇടതുമുന്നണിക്ക് നേരിടാൻ പോവുന്നത് ദയനീയ പരാജയമാവുമെന്നാണ് യു.ഡി.എഫ് വ്യക്തമാക്കുന്നത്. ഏതായാലും ജനങ്ങളുടെ വിധിയെഴുത്ത് പുറത്തുവരണമെങ്കിൽ നേതാക്കളും അണികളും 25 ദിവസം കാത്തിരിക്കണം. ഇതിനിടയിൽ കൂട്ടലും കിഴിക്കലുമായി മുന്നണികൾ സജീവമാവും.

ജില്ലയിലെ 15,93,575 വോട്ടർമാരിൽ 11,43,471 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. ജില്ലയിലെ 9 ബൂത്തുകളിലും രാവിലെ തന്നെ കനത്ത പോളിംഗായിരുന്നു. പക്ഷേ, ഉച്ചയോടെ അത് മെല്ലെയായി. ഉച്ചകഴിഞ്ഞ് പെയ്ത മഴ പോളിംഗിനെ സാരമായി ബാധിച്ചു.

തീ പാറുന്ന പോരാട്ടം നടത്ത പാലായിലും പൂഞ്ഞാറിലും വോട്ടുചെയ്തവരുടെ എണ്ണം കുറഞ്ഞത് സ്ഥാനാർത്ഥികളെയും പ്രവർത്തകരെയും ഞെട്ടിപ്പിച്ചു. 2016ൽ പാലായിൽ 77.25 ശതമാനമായിരുന്നു പോളിംഗ് എങ്കിൽ ഇക്കുറി അത് 72.54 ആയി കുറഞ്ഞു. പൂഞ്ഞാറിലാവട്ടെ 79.15ൽ നിന്ന് 72.47 ശതമാനമായി. ഇത് ആർക്ക് ഗുണകരമാവുമെന്നാണ് അറിയേണ്ടത്.

കേരള കോൺഗ്രസുകാർ നേർക്കുനേരെ പോരാടിയ ചങ്ങനാശേരിയിലും കടുത്തുരുത്തിയിലും പോളിംഗ് ശതമാനം കുറഞ്ഞു. ചങ്ങനാശേരിൽ കഴിഞ്ഞതവണ 75.1 ശതമാനത്തിൽ നിന്നും 70.29 ശതമാനമായാണ് കുറഞ്ഞത്. കടുത്തുരുത്തിയിൽ ഇത് 69.39 ൽ നിന്ന് 68.02 ശതമാനമായി.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിലും പോളിംഗ് ശതമാനം കുറഞ്ഞു. 77.14ൽ നിന്ന് 73.22 ആയിട്ടാണ് കുറഞ്ഞത്. ഏറ്റുമാനൂരിലും അഞ്ചു ശതമാനം പോളിംഗാണ് കുറഞ്ഞത്. 79.69ൽ നിന്നും 72.88 ശതമാനമായി. കാഞ്ഞിരപ്പള്ളിയിൽ 72.12 ശതമാനം വോട്ടർമാരാണ് ബൂത്തിലെത്തിയത്. കഴിഞ്ഞ തവണ ഇത് 76.1 ശതമാനമായിരുന്നു. വനിതകൾ ഏറ്റുമുട്ടിയ വൈക്കത്ത് 75.51 ശതമാനം ആളുകളേ ഇക്കുറി വോട്ട് ചെയ്തുള്ളു. 2016ൽ 80.75 ശതമാനം പേർ വോട്ട് ചെയ്തിരുന്നു. ചുരുക്കത്തിൽ പ്രചാരണത്തിൽ മുന്നണികൾ തീ പാറിച്ചെങ്കിലും ജനങ്ങൾ അത് ഉൾക്കൊണ്ടില്ലായെന്നതാണ് കരുതേണ്ടത്. മുന്നണി നേതാക്കൾ ശുഭ പ്രതീക്ഷയിലാണെങ്കിലും ഉള്ള് കാളുകയാണെന്നതാണ് വാസ്തവം. റിസൾട്ട് വരുന്ന മെയ് രണ്ടുവരെ ഈ അവസ്ഥ തുടരും.