sslc

കോട്ടയം: തിരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞു. ഇന്ന് മുതൽ പരീക്ഷാച്ചൂടാണ്. പത്താംതരം കടക്കാൻ ജില്ലയിൽ ഇന്ന് പരീക്ഷ എഴുതുന്നത് 19784 പേർ. തിരഞ്ഞെടുപ്പിന് ശേഷം സ്ഥാനാർത്ഥികൾ കൂട്ടലിലും കിഴിക്കലിലുമാണെങ്കിൽ പരീക്ഷാർത്ഥികൾ പഠിച്ചതൊക്കെ വീണ്ടും മനസിലുറപ്പിക്കുകയാണ്. ഹയർസെക്കൻഡറി പരീക്ഷയും ഇന്നാണ് ആരംഭിക്കുന്നത്.

പത്താംക്ളാസ് പരീക്ഷ എഴുതുന്നവരിൽ കഴിഞ്ഞ തവണത്തേക്കാൾ എഴുന്നൂറോളം പേരുടെ കുറവുണ്ട്. 66 ഗവ.സ്‌കൂളുകളും, 168 എയ്ഡഡ് സ്‌കൂളുകളും, 12 അൺ എയ്ഡഡ് സ്‌കൂളുകളും, 6 ടെക്‌നിക്കൽ സ്‌കൂളുകളുമാണ് പരീക്ഷാ കേന്ദ്രങ്ങൾ.

ഇന്ന് മുതൽ മൂന്ന് ദിവസം രാവിലെ ഹയർസെക്കൻഡറി പരീക്ഷയും ഉച്ചയ്ക്ക് ശേഷം പത്താംക്ളാസ് പരീക്ഷയുമാണ് . മൂന്ന് ദിവസത്തിന് ശേഷം രാവിലെയാണ് പത്താം ക്ളാസ് പരീക്ഷ.

രാവിലെ ഒമ്പതിന് ചോദ്യപേപ്പറുകൾ പരീക്ഷാഹാളിൽ എത്തിക്കും. ചോദ്യപേപ്പർ ചോർച്ച തടയുന്നതിന് പൊലീസ് സംരക്ഷണവും ഉറപ്പാക്കി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ. ക്വാറന്റൈനിൽ കഴിയുന്നവർക്ക് പ്രത്യേക ഹാളും സജ്ജമാക്കിയിട്ടുണ്ട്. ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ച പരീക്ഷാർത്ഥികളില്ല. കൊവിഡ് ബാധിച്ചാൽ പി.പി.ഇ കിറ്റ് ധരിച്ച് പരീക്ഷ എഴുതാം.

കോട്ടയം എം.ഡി സെമിനാരി ഹയർസെക്കൻഡറി സ്‌കൂളിലാണ് ഏറ്റവും കുടുതൽ പരീക്ഷാർത്ഥികളുള്ളത്. പരിഗണന ആവശ്യമായി വരുന്ന സി.ഡബ്ലിയു.എസ്.എൻ വിഭാഗത്തിലുള്ളവർക്കും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

 പത്താം ക്ളാസ് പരീക്ഷയ്ക്ക്

252 സെന്ററുകൾ

 എഴുതുന്നത്

10153 ആൺകുട്ടികൾ

9631 പെൺകുട്ടികൾ

'' കുട്ടികൾക്ക് സമാധാനത്തോടെ പരീക്ഷ എഴുതാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ടെമ്പറേച്ചർ പരിശോധിച്ച് സാനിറ്റൈസറും നൽകിയാണ് പ്രവേശിപ്പിക്കുക. ഹയർസെക്കൻ‌ഡറി പരീക്ഷാപ്പേപ്പറുകൾ 12 ബ്ളോക്ക് റിസർച്ച് സെന്ററുകളിൽ നിന്ന് രാവിലെ എത്തിക്കും''

കെ.ജെ. പ്രസാദ് , പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം