camera

പ്രവർത്തനരഹിതമായത് 32 സി.സി. ടി.വി. കാമറകൾ

കട്ടപ്പന: കട്ടപ്പന നഗരത്തിലെ സി.സി. ടി.വി. കാമറകൾപ്രവർത്തനരഹിതമായിട്ട് 6 മാസം പിന്നിടുന്നു. 16 സ്ഥലങ്ങളിലായി സ്ഥാപിച്ച 32 കാമറകളിൽ ഒരെണ്ണം പോലും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. നഗരസഭ 11 ലക്ഷം രൂപ ചെലവഴിച്ചാണ് നൈറ്റ് വിഷൻ ക്യാമറകൾ സ്ഥാപിച്ചത്. 2018 ഏപ്രിൽ 27 മുതൽ ഇവ പ്രവർത്തിച്ചുതുടങ്ങിയിരുന്നു. കട്ടപ്പന പൊലീസ് സ്റ്റേഷനിലെ കൺട്രോൾ റൂമിൽ ദൃശ്യങ്ങൾ േെക്കാർഡ് ചെയ്ത് സൂക്ഷിക്കാൻ സൗകര്യവും നിരീക്ഷിക്കാൻ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാക്കിയിരുന്നു. ആദ്യകാലങ്ങളിൽ നഗരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന സ്ഥലങ്ങളിൽ പൊലീസിന്റെ സേവനം വേഗത്തിൽ ലഭ്യമാക്കാൻ സാധിച്ചിരുന്നു. കൂടാതെ നിരവധി മോഷണക്കേസുകളിൽ പ്രതികളെ കണ്ടെത്താൻ ദൃശ്യങ്ങൾ സഹായകരമായിട്ടുണ്ട്. എന്നാൽ ആറ് മാസത്തിനുള്ളിൽ തന്നെ ഭൂരിഭാഗം കാമറുകളും പ്രവർത്തനരഹിതമായി. ഇക്കാര്യം പൊലീസ് പലതവണ നഗരസഭയെ അറിയിച്ചിരുന്നെങ്കിലും അറ്റകുറ്റപ്പണി നടത്താൻ നടപടിയുണ്ടായില്ല. കഴിഞ്ഞ ബഡ്ജറ്റിൽ കാമറകളുടെ അറ്റകുറ്റപ്പണി നടത്താനും പുതിയത് സ്ഥാപിക്കാനുമായി 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.


കുറ്റകൃത്യങ്ങൾ വർദ്ധിച്ചു

കാമറകളുടെ നിരീക്ഷണം നിലച്ചതോടെ നഗരത്തിൽ മോഷണങ്ങളും മോഷണശ്രമവും വർദ്ധിച്ചിരിക്കുകയാണ്. ഏതാനും മാസങ്ങൾക്കിടെ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പട്ടാപ്പകൽ നിരവധി മോഷണങ്ങളാണ് നടന്നത്. ഇടുക്കിക്കവലയിൽ പാർക്ക് ചെയ്തിരുന്ന മാരുതി കാറിൽ നിന്നും യുവതിയുടെ ബാഗ് അടക്കം മോഷണം പോയിരുന്നു. വാഹനം പാർക്ക് ചെയ്തിരുന്ന സ്ഥലത്തിന് സമീപത്തായി നിരീക്ഷണ ക്യാമറകൾ ഉണ്ടായിരുന്നെങ്കിലും പ്രവർത്തനരഹിതമായിരുന്നു. ഒടുവിൽ സമീപത്തെ കടയിലെ സി.സി. ടി.വി. ദൃശ്യങ്ങളെ പൊലീസിന് ആശ്രയിക്കേണ്ടിവന്നു. കൂടാതെ വെള്ളയാംകുടിയിലെ ഹോട്ടലിന്റെ മുമ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നും പണം മോഷ്ടിച്ചയാളെ പിടികൂടിയതും കടകളിലെ സി.സി. ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെയാണ്. ഏപ്രിൽ 1ന് വെട്ടിക്കുഴക്കവലയിൽ വീട് കുത്തിത്തുറന്ന് 1.15 ലക്ഷം രൂപയും ആറേമുക്കാൽ പവൻ സ്വർണാഭരണങ്ങളും 107 ഗ്രാം വെള്ളി ആഭരണങ്ങളും മോഷ്ടിച്ചിരുന്നു.


മാലിന്യം തള്ളൽ തകൃതി

നഗരസഭയിൽ സമ്പൂർണ മാലിന്യ സംസ്‌കരണം നടപ്പാക്കിയ ശേഷം അനധികൃതമായി മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ നടപടി ആരംഭിച്ചിരുന്നു. എന്നാൽ ക്യാമറകൾ പ്രവർത്തിക്കാതായതോടെ നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ മാലിന്യക്കൂമ്പാരം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. രാത്രികാലങ്ങളിലടക്കം വഴിയോരങ്ങളിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും വൻതോതിൽ മാലിന്യം തള്ളുന്നതും കത്തിക്കുന്നതും വർദ്ധിച്ചു.