ചങ്ങനാശേരി: മധ്യതിരുവിതാംകൂറിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഹാജി കെ എച്ച് എം ഇസ്മയിൽ സാഹിബിന്റെ സ്മരണാർത്ഥം കെ.എച്ച്.എം ഇസ്മയിൽ സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ 25000 രൂപയും, ശില്പവും, പ്രശസ്തി പത്രവുമടങ്ങുന്ന പ്രഥമ കെ എച്ച് എം സംസ്‌കൃതി പുരസ്‌കാരം ദയാബായിക്ക് ഇന്ന് നൽകും.
ചങ്ങനാശേരി ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് എസ്.ബി കോളേജിൽ നടക്കുന്ന കെ.എച്ച്.എം ഇസ്മയിൽ അനുസ്മരണ സമ്മേളനം ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുംതോട്ടം ഉദ്ഘാടനം ചെയ്യും. മുൻ വിദ്യാഭ്യാസ മന്ത്രി ഇ.ടി മുഹമ്മദ് ബഷീർ എം.പി അവാർഡ് സമർപ്പണം നടത്തും. സ്റ്റഡി സെന്റർ പ്രസിഡന്റ് ബിലാൽ റഷീദ് അദ്ധ്യക്ഷത വഹിക്കും. തിരക്കഥാകൃത്ത് ജോൺപോൾ അനുസ്മരണ പ്രഭാഷണം നിർവഹിക്കും. കെ.എച്ച്.എം സുകൃതം സ്മരണ എന്ന ഓർമ്മ പുസ്തകത്തിന്റെ പ്രകാശനം കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ്മ കെ.എച്ച്.എം ഇസ്മയിലിന്റെ പത്‌നി സൈനബ ഇസ്മയിലിന് കൈമാറി നിർവഹിക്കും. സാങ്കേതിക സർവകലാശാല പ്രോ വൈസ് ചാൻസിലർ ഡോ.എസ് അയ്യൂബ്, ഡോ.റൂബിൾ രാജ്, ഹരികുമാർ കോയിക്കൽ, ഗിരീഷ് കോനാട്ട്, ബിജു ആന്റണി കയ്യാലപ്പറമ്പിൽ,സനിൽ കളത്തിൽ, പി എസ് സുരേഷ്, ജസ്റ്റിൻ ബ്രൂസ്,നൗഫൽ ഷഫീഖ് എന്നിവർ പങ്കെടുക്കും.