jj

കോട്ടയം: ജില്ലയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ 4.34 ശതമാനം വോട്ടുകൾ കുറഞ്ഞപ്പോൾ അത് ആരുടേതാണെന്നോർത്ത് ടെൻഷനിലാണ് മുന്നണികൾ. തങ്ങളുടെ വോട്ടുകളെല്ലാം പെട്ടിയിലായെന്ന് പുറമേ ആത്മവിശ്വാസം നടിക്കുന്നുണ്ടെങ്കിലും പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഒന്നും 'സെയ്ഫല്ലെ'ന്നതാണ് സത്യം.

ചില മണ്ഡലങ്ങളിൽ 2016 നേക്കാൾ ഏഴ് ശതമാനം വരെ പോളിംഗ് കുറഞ്ഞതാണ് രാഷ്ട്രീയ നേതൃത്വത്തെ ഞെട്ടിച്ചത്. അതേസമയം പോസ്റ്റൽ വോട്ടുകൾ കൂടിയതിനാൽ ശതമാനത്തിൽ വലിയ വ്യത്യാസമില്ലെന്ന വിലയിരുത്തലുമുണ്ട്.
വോട്ടിംഗ് കുറഞ്ഞത് ഏതു മുന്നണിയെ ബാധിക്കുമെന്നറിയാൻ ഫലം വരുന്നതു വരെ കാത്തിരിക്കണം. പ്രതീക്ഷിച്ചതിലും കുറവ് വോട്ടു രേഖപ്പെടുത്തിയതോടെ അടിയൊഴുക്കുകളും മുന്നണികൾ ഭയപ്പെടുന്നുണ്ട്. അതുവരെയില്ലാത്ത രീതിയിൽ ശബരിമല വിഷയം പെട്ടെന്ന് ചർച്ചയായതും സാമുദായിക വോട്ടിൽ എങ്ങനെ വഴിത്തിരിവുണ്ടാക്കിയെന്ന് വ്യക്തമല്ല. കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ വരവിൽ പ്രതിഷേധിച്ച് പലയിടത്തും വോട്ടു ചെയ്യാതെ സി.പി.എമ്മുകാർ പാർട്ടി നയത്തോട് പ്രതിഷേധിച്ചെന്ന വിലയിരുത്തലുണ്ട് കോൺഗ്രസിന്. തങ്ങളുടെ വോട്ടെല്ലാം പോൾ ചെയ്തന്ന് എൻ.ഡി.എയും പറയുന്നു.

 കുറഞ്ഞ വോട്ടുകൾ എവിടെ

പാലായിൽ 2016നേക്കാൾ നാലു ശതമാനത്തോളം വോട്ടിന്റെ കുറവുണ്ട്. കടുത്തുരുത്തിയിൽ ഒരു ശതമാനത്തിലേറെ കൂടുകയും ചെയ്തു. കേരളാ കോൺഗ്രസിന് സ്വാധീനമുള്ള രണ്ട് മണ്ഡലങ്ങളിലേയും രണ്ട് വോട്ടിംഗ് സ്വഭാവത്തിൽ എത്തുംപിടിയും കിട്ടുന്നില്ല. പതിവ് പോലെ വൈക്കത്താണ് ജില്ലയിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 80% ആയിരുന്നെങ്കിലും ഇക്കുറി 75.61 ശതമാനമാണ് പോളിംഗ്. കോട്ടയത്ത് ആറ് ശതമാനത്തിന്റെയും പുതുപ്പള്ളിയിൽ മൂന്ന് ശതമാനത്തിന്റേയും കാഞ്ഞിരപ്പള്ളിയിൽ നാല് ശതമാനത്തിന്റെയും ചങ്ങനാശേരിയിൽ നാലര ശതമാനത്തിന്റെയും കുറവുണ്ട്. പി.സി.ജോർജിനെ തോൽപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയ പൂഞ്ഞാറിൽ ഏഴ് ശതമാനത്തിലേറെയാണ് വോട്ടുകുറവ്.

2021: 72.16 %

 2016ൽ: 76.5%

 കാഞ്ഞിരപ്പള്ളിയിൽ താമര വിരിയും

''കാഞ്ഞിരപ്പള്ളി ബി.ജെ.പി ഉറപ്പിച്ചു. ഏറ്റുമാനൂർ, ചങ്ങനാശേരി മണ്ഡലങ്ങളിലും ബി.ജെ.പിക്ക് അനുകൂലം . ഇക്കുറി ഇടത് ,വലത് വോട്ടുകൾക്കൂടി നേടാനായി.'

- അഡ്വ.നോബിൾ മാത്യു, ബി.ജെ.പി ജില്ലാ പ്രസിഡന്റ്

 എല്ലായിടത്തും എൽ.ഡി.എഫ് ജയിക്കും

ഇക്കുറി യു.ഡി.എഫ് തകരും. ഉച്ചയോടെ തന്നെ എൽ.ഡി.എഫിന്റെ മുഴുവൻ വോട്ടുകളും ചെയ്തു. കോട്ടയത്ത് മുഴുവൻ മണ്ഡലങ്ങളിലും എൽ.ഡി.എഫ് ജയിക്കും''

എ.വി. റസൽ, സി.പി.എം ജില്ലാ സെക്രട്ടറി

 ജോസ് എൽ.ഡി.എഫിന് തിരിച്ചടിയാകും

യു.ഡി.എഫ് വിട്ടത് തെറ്റായ തീരുമാനമായിരുന്നെന്ന് ഈ തിരഞ്ഞെടുപ്പോടെ ജോസ് കെ. മാണിക്ക് മനസിലാകും. യു.ഡി.എഫിന്റെ എക്കാലത്തെയും ഉറച്ച മണ്ഡലങ്ങൾ അങ്ങനെ തന്നെ നിൽക്കും. ഞങ്ങൾ പൂർണ ആത്മവിശ്വാസത്തിലാണ്''

-ജോസി സെബാസ്റ്റ്യൻ,​ യു.ഡി.എഫ് ജില്ലാ കൺവീനർ