കോട്ടയം: വോട്ടെടുപ്പിന്റെ പിറ്റേന്നും വിശ്രമത്തിന് സമയം കണ്ടെത്താതെ കൂട്ടലും കിഴിക്കലുമായി സ്ഥാനാർത്ഥികൾ. വോട്ടെണ്ണലിന് ഇനിയും ഒരു മാസത്തോളമുള്ളതിനാൽ എല്ലാവരും മണ്ഡലത്തിൽ തന്നെ. തീർത്ഥാടനത്തിനോ ഉല്ലാസ യാത്രക്കോ ആരും പോയിട്ടില്ല.
രാജ്യസഭാ എം.പി കൂടിയായ കാഞ്ഞിരപ്പള്ളിയിലെ എൻ.ഡി.എ സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനം ഡൽഹിക്കു മടങ്ങാനായി ഇന്നലെ കൊച്ചിക്കു പോയി. കോട്ടയത്തെ ഇടതുസ്ഥാനാർത്ഥി അഡ്വ.കെ. അനിൽകുമാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ക്ഷീണം വകവയ്ക്കാതെ ഇന്നലെ തന്നെ കോടതി കയറി.
യു.ഡി.എഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇന്നലെ വോട്ടിംഗ് നിലവെച്ച് പ്രവർത്തകരുമായി ചർച്ച നടത്തി. നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തിരുവഞ്ചൂർ വ്യക്തമാക്കി . പാലായിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ. മാണി ഉടൻ യാത്രയ്ക്കില്ല . വിജയ സാദ്ധ്യത പ്രവർത്തകരുമായി ചർച്ച ചെയ്തു.
ഏറ്റുമാനൂരിലെ ഇടതു സ്ഥാനാർത്ഥി വി.എൻ.വാസവൻ മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണം നൽകുന്നതിന്റെ ചുമതലയിലേക്ക് വീണ്ടുമെത്തി. അഭയത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതിനാൽ യാത്രകളൊന്നുമില്ല . ബൂത്തുകളിൽ നിന്നുള്ള കണക്കുകൾ ശേഖരിച്ചു വിലയിരുത്തൽ നടത്തി. ജയിക്കുമെന്നാണ് പ്രതീക്ഷ . ഇടതു മുന്നണിക്ക് കോട്ടയത്ത് ഒമ്പതിൽ ഏഴു സീറ്റുവരെ കിട്ടാമെന്ന് വാസവൻ പറഞ്ഞു.
കടുത്തുരുത്തിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി മോൻസ് ജോസഫ് ഇന്നലെ ബൂത്തുകളിലെ വോട്ടുനില വിലയിരുത്തി . നല്ല വിജയ പ്രതീക്ഷയിലാണ് . ഉച്ചയ്ക്ക് തൊടുപുഴയിൽ പാർട്ടി നേതാവ് പി.ജെ.ജോസഫിനെ കണ്ടു ചർച്ച നടത്തി. രണ്ടാഴ്ച ധ്യാനത്തിൽ പങ്കെടുക്കണമെന്നുണ്ട്. പതിവു പോലെ വേളാങ്കണ്ണിക്ക് പോകണമെന്നും ആഗ്രഹമുണ്ട്."മോൻസ് പറഞ്ഞു .
മറ്റു സ്ഥാനാർത്ഥികളെല്ലാം നാട്ടിൽ തന്നെ. വോട്ടെണ്ണലിന് ഒരു മാസമുള്ളതിനാൽ വിശ്രമത്തിന് ആവശ്യത്തിന് സമയം ലഭിച്ച സന്തോഷത്തിലാണെല്ലാവരും.
പടക്കം പൊട്ടിച്ച് ജോർജിന്റെ വിജയാഘോഷം
വീണ്ടും അട്ടിമറി ജയം നേടുമെന്ന ശുഭാപ്തി വിശ്വാസത്തിൽ വോട്ടെടുപ്പ് തീർന്നതിന് പിറകേ പടക്കം പൊട്ടിച്ച് മുൻകൂർ വിജയം ആഘോഷിച്ച പി.സി.ജോർജ് ഇന്നലെ കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ് എടുത്തു." തത്ക്കാലം യാത്രകളൊന്നുമില്ല . പൂഞ്ഞാറ്റിൽ തന്നെ കാണും. എന്നെ തോൽപ്പിക്കാൻ എല്ലാവരും ഒന്നിച്ചെങ്കിലും പൂഞ്ഞാറിലെ നല്ലവരായ ജനങ്ങൾ എന്നെ കൈ വിടില്ലെന്നറിയാമായിരുന്നു. പ്രവർത്തകരുമായി കൂട്ടലും കിഴിക്കലും നടത്തി . ഒരു കുഴപ്പവുമില്ല. നല്ല ഭൂരിപക്ഷത്തിൽ ജയിക്കും " ജോർജ് പറഞ്ഞു.