
കട്ടപ്പന: വഴയോരത്ത് മാലിന്യം തള്ളിയയാൾക്ക് 'പണി' കൊടുത്ത് ഇരട്ടയാർ പഞ്ചായത്ത്. മാലിന്യത്തിൽ ഉണ്ടായിരുന്ന പേപ്പറിൽ നിന്നാണ് വ്യക്തിയുടെ വിവരങ്ങൾ ലഭിച്ചത്. ആളെ തിരിച്ചറിഞ്ഞശേഷം സ്ഥലത്തേയ്ക്ക് വിളിച്ചുവരുത്തി മാലിന്യം തിരികെ എടുപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് ശാന്തിഗ്രാംഇരട്ടയാർ നോർത്ത് റോഡരികിൽ ജൈവ-അജൈവ മാലിന്യങ്ങൾ ചാക്കിലും കൂടിലുമായി നിറച്ച് തള്ളിയത്. ഇന്നലെ രാവിലെ ശ്രദ്ധയിൽപെട്ട നാട്ടുകാർ പഞ്ചായത്ത് ഓഫീസിൽ വിവരമറിയിച്ചു. തുടർന്ന് പ്രസിഡന്റ് ജിൻസൻ വർക്കി, പഞ്ചായത്ത് അംഗം സിനി മാത്യു, ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. വിവരമറിയിച്ചതിനെ തുടർന്ന് തങ്കമണി പൊലീസും എത്തി. മാലിന്യം പരശോധിച്ചപ്പോഴാണ് മേൽവിലാസം രേഖപ്പെടുത്തിയ ബാങ്ക് സ്ലിപ്പ് ലഭിച്ചത്. തുടർന്ന് ഇയാളെ സ്ഥലത്തേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു.