കട്ടപ്പന: ജല അതോറിറ്റിയുടെ അനാസ്ഥയെ തുടർന്ന് ഇരട്ടയാർ നോർത്ത്‌മെട്ടിൽ കുടിവെള്ളമില്ലാതായിട്ട് ഒരുവർഷം. വേനൽ രൂക്ഷമായതോടെ 18 കുടുംബങ്ങൾ വെള്ളത്തിനായി നെട്ടോട്ടത്തിലാണ്. ഇരട്ടയാർ നോർത്തിലെ പമ്പ്ഹൗസിൽ നിന്നാണ് മേഖലയിൽ കുടിവെള്ളം വിതരണം ചെയ്തിരുന്നത്. എന്നാൽ പൈപ്പുകൾ തകരാറിലായതോടെ ഒരുവർഷമായി വിതരണം നിലച്ചിരിക്കുകയാണ്. എന്നാൽ യഥാസമയം അറ്റകുറ്റപ്പണി നടത്താനോ തകരാർ പരിഹരിക്കാനോ അതോറിറ്റി തയാറായില്ല. പൊതു ടാപ്പുകളെല്ലാം നോക്കുകുത്തികളായി മാറിക്കഴിഞ്ഞു. പഞ്ചായത്തിന്റെ കുഴൽക്കിണറിൽ നിന്ന് ജലവിതരണമുണ്ടെങ്കിലും വീട്ടാവശ്യത്തിന് പോലും തികയില്ല. അതോറിറ്റിയുടെ അനാസ്ഥക്കെതിരെ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.