കട്ടപ്പന: സിവിജിൽ ആപ്പിലൂടെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവിനെ സി.പി.എം. ലോക്കൽ സെക്രട്ടറി ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയതായി പരാതി. യൂത്ത് കോൺഗ്രസ് ഉടുമ്പൻചോല നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഇരട്ടയാർ സ്വദേശി സെബിൻ എബ്രഹാമിനെയാണ് സി.പി.എം. ഇരട്ടയാർ ലോക്കൽ സെക്രട്ടറി ഭീഷണിപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് പ്രചരണസമയത്ത് പോസ്റ്റർ ഒട്ടിച്ചതുമായി ബന്ധപ്പെട്ട് സെബിൻ സിവിജിൽ ആപ്പിലൂടെ പരാതി നൽകിയിരുന്നു. തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പോസ്റ്റർ കീറിക്കളഞ്ഞു. സിവിജിൽ ആപ്പിലൂടെ പരാതി നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നാണ് നിയമം. എന്നാൽ കളക്‌ട്രേറ്റിൽ നിന്ന് ഫോൺ നമ്പർ ചോർത്തിയ ശേഷം ഈസ്റ്റർ ദിനത്തിലാണ് സെബിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. വധഭീഷണി മുഴക്കിയതിനെതിരെയും സംരക്ഷണം ആവശ്യപ്പെട്ടും സെബിൻ കട്ടപ്പന സി.ഐയ്ക്ക് പരാതി നൽകി. കൂടാതെ സിവിജിൽ ആപ്പിൽ നിന്ന് വിവരങ്ങൾ ചോർത്തിയത് സംബന്ധിച്ച് കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.