കോട്ടയം: കൊവിഡ് വ്യാപകമായതോടെ മിക്കവരും കാറുകൾ വാങ്ങി. ഒരു സ്കൂട്ടറെങ്കിലും വാങ്ങാത്ത വീടുകൾ ഉണ്ടാവില്ല. ഇപ്പോൾ സാധാരണ വീടുകളിൽ രണ്ടും മൂന്നും കാറുകളാണ് മുറ്റത്ത് കിടക്കുന്നത്. ഇതോടെ വയറ്റത്ത് അടിച്ചത് ബസ് മുതലാളിമാരെയാണ്. ഒപ്പം ജീവനക്കാരെയും.
ഇപ്പോൾ ബസിൽയാത്രചെയ്യാൻ ആളുകൾ വളരെ കുറവാണ്. അൻപതും അറുപതും പേർ യാത്ര ചെയ്തിരുന്നിടത്ത് ഇപ്പോൾ 30 പേർപോലും ബസിൽ കയറുന്നില്ല. യാത്രക്കാർ കുറവായതിനെ തുടർന്ന് ട്രീപ്പുകൾ കട്ട് ചെയ്യുകയാണ് മിക്ക ഉടമകളും. കൂടാതെ യാത്രക്കാർ കുറവുള്ള ശനി, ഞായർ ദിവസങ്ങളിൽ മിക്കസ്ഥലങ്ങളിലും സ്വകാര്യ ബസുകൾ നിരത്തുകളിൽ ഇറങ്ങാറില്ല. നഷ്ടം നികത്തണമെങ്കിൽ ഇതല്ലാതെ വഴിയില്ലായെന്നാണ് ബസ് ഉടമകൾ പറയുന്നത്.
നൂറു ശതമാനം ഉടമകളും ബസുകൾ ഇറക്കുന്നത് ലോണിലാണ്. ബാങ്കുകളിൽ നിന്നും 35-40 ലക്ഷം രൂപ ലോൺ എടുത്ത് ബസ് റൂട്ടിലെത്തിച്ചവർ ഇപ്പോൾ ലോൺ അടയ്ക്കാൻ പെടാപാടിലാണ്. 30,000 രൂപ പ്രതിമാസം ലോൺ അടയ്ക്കണം. കൂടാതെ ജീവനക്കാർക്ക് ശമ്പളവും നല്കണം. മിക്ക ബസ് ഉടമകളും ജീവനക്കാരുടെ ശമ്പളം 25 ശതമാനം വെട്ടികുറച്ചിട്ടുണ്ട്. പിടിച്ചുനില്ക്കണമെങ്കിൽ അതല്ലാതെ വഴിയില്ല. ജീവനക്കാരാവട്ടെ ഇപ്പോഴത്തെ അവസ്ഥ അറിയാവുന്നതുകൊണ്ട് ഇതിനെതിരെ പ്രതികരിക്കുന്നുമില്ല. പ്രതികരിച്ചാൽ മുതലാളി ബസ് ഷെഡിലിടും. ഇത് തൊഴിലാളികൾക്ക് നന്നായി അറിയാം.
അടിക്കടിയുണ്ടാവുന്ന ഡീസൽ വില വർദ്ധനവാണ് ഉടമകളെ കുഴയ്ക്കുന്ന പ്രധാന പ്രശ്നം. എത്ര യാത്രക്കാർ കയറിയാവും ഇപ്പോഴത്തെ ഡീസൽ വിലയിൽ സർവീസ് നടത്തുക സാദ്ധ്യമല്ലെന്നാണ് ഉടമകൾ പറയുന്നത്. ടാക്‌സ് അടക്കമുള്ളവക്ക് ഇളവുകൾ സർക്കാർ നല്കിയതാണ് ഏക ആശ്വാസം.
ലോക്ഡൗണിന് ശേഷം വീണ്ടും ബസുകൾ നിരത്തിലിറങ്ങിയപ്പോൾ വർഷങ്ങളായി ഉണ്ടായിരുന്ന സ്ഥിരം യാത്രക്കാരിൽ അൻപത് ശതമാനത്തോളം കുറവുണ്ടായതായി ബസ് ഉടമകളും ജീവനക്കാരും പറയുന്നു. കെ.എസ്.ആർ.ടി.സി.ടേക്ക്ഓവർ സർവീസുകളും ഒപ്പത്തിനൊപ്പം നിരത്തിലിറങ്ങുന്നതോടെ ദീർഘദൂര ബസുകൾ ഭൂരിഭാഗവും സർവീസ് മുടക്കി. കോട്ടയം, ചങ്ങനാശ്ലേരി, പാലാ മേഖലയിൽനിന്നു ഹൈറേഞ്ച് ഭാഗങ്ങളിലേക്ക് ഓടിയിരുന്ന നിരവധി ബസുകളാണ് നിലവിൽ ജിഫോമിൽ കിടക്കുന്നത്. മാസങ്ങൾക്ക്ശേഷം സാധാരണനിലയിൽ സർവീസ് നടത്തിയെങ്കിലും ജീവനക്കാർക്ക് ശമ്പളം പോലും കൊടുക്കാൻ തികയാത്ത അവസ്ഥയാണ് ഉള്ളത്.
മിക്ക ബസുകളുടെയും ലോൺ മുടങ്ങിക്കിടക്കുകയാണ്. വാഹനം നഷ്ടപ്പെടുമെന്നതിനാൽ എവിടെനിന്നെങ്കിലും പണം വാങ്ങി കുറെശേ അടയ്ക്കുകയാണ് മിക്ക ഉടമകളും. സ്ഥലം വിറ്റുവരെ ലോൺ അടച്ചവരുണ്ട് ജില്ലയിൽ.
പതിനായിരം മുതൽ 12,000 രൂപ വരെ പ്രതിദിനം കിട്ടിയിരുന്ന ഓർഡിനറി പെർമിറ്റിലോടുന്ന ഒരു ബസിന് ഇപ്പോൾ കിട്ടുന്നത് ശരാശരി 8000 രൂപയാണ്. ചില ദിവസങ്ങളിൽ അഞ്ഞൂറ് മുതൽ ആയിരം രൂപയുടെ വരെ കുറവുണ്ടാകും. ആറായിരം രൂപയോളം ഡീസൽചെലവ് വരും. ശമ്പളം വെട്ടിക്കുറച്ചിട്ടുപോലും ജീവനക്കാർക്ക് 1500 രൂപയോളം നൽകണം. മിക്കപ്പോഴും ചില്ലറ പണികൾക്കായി ബസ് വർക്ക്ഷോപ്പിൽ കയറ്റേണ്ടതായി വരും. ഇതോടെ സാമ്പത്തികനില തകിടം മറിയുകയാണ്. പിടിച്ചുനില്ക്കാൻ ബസ് മുതലാളിമാർ പെടാപ്പാടിലാണ്. ചുരുക്കത്തിൽ ഒരു രൂപ പോലും നീക്കിവയ്ക്കാൻ കഴിയുന്നില്ലെന്നാണ് ബസ് ഉടമകൾ പറയുന്നത്. ചില ദിവസങ്ങളിൽ ഡീസൽ നിറയ്ക്കാൻപോലും പണം തികയില്ല. പമ്പുകളിൽനിന്നും പലരും കടത്തിലാണ് ഡീസൽ വാങ്ങി സർവീസ് നടത്തുന്നത്.
റൂട്ടടക്കം ബസുകൾ വിൽക്കാനും കരാർ അടിസ്ഥാനത്തിൽ വാഹനങ്ങൾ വിട്ടുനൽകാനും ഉടമകൾ തയ്യാറാണ്. പക്ഷേ, ഏറ്റെടുക്കാൻ ആളില്ലാത്ത അവസ്ഥയാണ്. ലോക്‌ഡൗണിന് ശേഷം ആദ്യം കുറച്ച് ബസുകൾ മാത്രമാണ് സർവീസ് നടത്തിയിരുന്നത്. ജനജീവിതം സാധാരണനിലയിലേക്ക് മാറിയപ്പോൾ എല്ലാ സർവീസുകളും പുനരാരംഭിച്ചു. ഇതോടെ ബസിന്റെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായി. ഇതോടെ യാത്രക്കാരുടെ എണ്ണം ഭീമമായി കുറഞ്ഞു.
രാത്രികാല സർവീസുകളും ഉൾനാടൻ സർവീസുകളും പലരും വെട്ടിച്ചുരുക്കി. എന്നിട്ടും പിടിച്ചുനിൽക്കാത്ത സ്ഥിതിയാണ് സ്വകാര്യ ബസ് ഉടമകൾ.