bot-jty

ചങ്ങനാശേരി : ബോട്ട് ജെട്ടിയാണോ അതോ പച്ച വിരിച്ച മൈതാനമോ? ആര് കണ്ടാലും ഒന്ന് ശങ്കിച്ചുപോകും. കാരണം അത്രത്തോളം പോള പുതച്ച് കിടക്കുകയാണ് അഞ്ചുവിളക്കിന്റെ നാട്ടിലെ ബോട്ട് ജെട്ടി. കനാലിലെ വെള്ളം കാണണമെങ്കിൽ പോള വകഞ്ഞ് നോക്കേണ്ട അവസ്ഥയാണ്. ബോട്ട് ജെട്ടിയും പരിസരം മനോഹരമാക്കാൻ കോടികൾ മുടക്കി പല പദ്ധതികളും ആസൂത്രണം ചെയ്തങ്കിലും ചങ്ങനാശേരി ആലപ്പുഴ കനാലിൽ സ്ഥിരമായി ബോട്ട് സർവീസ് ഉറപ്പാക്കാൻ കഴിയാത്തത് എല്ലാത്തിനെയും തകിടംമറിച്ചു. വെട്ടിത്തുരുത്ത് പള്ളി ജംഗ്ഷൻ മുതൽ ബോട്ട്‌ജെട്ടി വരെയുള്ള ഭാഗത്താണ് പോളയും മാലിന്യവും തിങ്ങി നിറഞ്ഞു കിടക്കുന്നത്. രണ്ടുമാസക്കാലമായുള്ള കാഴ്ചയിതാണ്. ബോട്ടുജെട്ടി മുതൽ കിടങ്ങറവരെ ജലഗതാഗതം താറുമാറായ നിലയിലാണ്. ബോട്ടു ജെട്ടിയിലും ബോട്ടു കടന്നു വരുന്ന കിടങ്ങറ മുതലുള്ള ജലപാതയിൽ പോളയും നീർസസ്യങ്ങളും വളർന്ന് ബോട്ടിന് കടന്നു വരാനാകാത്ത നിലയിലായി. തിങ്ങി നിറഞ്ഞുകിടക്കുന്ന പോള പൂത്തത് കാണുന്നതിനും ചിത്രങ്ങൾ പകർത്തുന്നതിനും നിരവധിയാളുകളും ഇവിടെ എത്തിയിരുന്നു. മാസങ്ങൾക്ക് മുൻപാണ് ജെട്ടിയിലെ പോളയും നീർസസ്യങ്ങളും പൂർണ്ണമായി നീക്കം ചെയ്യുകയും നിറുത്തിവച്ചിരുന്ന ബോട്ട് സർവീസ് പുന:രാരംഭിച്ചതും.

ബോട്ടുകൾക്ക് തകരാർ തുടർക്കഥ

ബോട്ടുകളുടെ പ്രൊപ്പല്ലറിൽ പോള കുടുങ്ങി തകരാർ സംഭവിക്കുന്നത് പതിവാണ്. പോളകാരണം ജെട്ടിയിൽ ബോട്ട് അടുക്കുന്നതിനും തടസമുണ്ട്. വഞ്ചിവീടുകളുടെയും വലിയ ബോട്ടുകളുടെയും വരവ് കെ.സി പാലത്തിൽ തട്ടി മുടങ്ങിയതാണ് തുടക്കം.തുടർന്ന് ആകെയുണ്ടായിരുന്നത് രണ്ട് യാത്രാബോട്ടുകളാണ്. ഇതിൽ ഒരു ബോട്ട് സർവീസ് നിലച്ചിട്ട് മാസങ്ങൾ പിന്നിടുന്നു. രണ്ട് ബോട്ടുകൾ സർവീസ് നടത്തിയിരുന്നപ്പോൾ 5000 രൂപയോളം പ്രതിദിനം ലഭിച്ചിരുന്നു എന്ന് അധികൃതർ പറയുന്നു. ഒന്നരപതിറ്റാണ്ട് മുൻപ് 13 സർവീസുകൾ ഉണ്ടായിരുന്ന ബോട്ട് ജെട്ടിയാണിത്. റോഡ് സൗകര്യങ്ങൾ വന്നതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞു.