തിക്താനുഭവങ്ങൾ പുസ്തകമാക്കും
കോട്ടയം: രാഷ്ടീയ പാർട്ടികളുടെ സമീപനത്തിൽ വിശ്വാസം നഷ്ടപ്പെട്ടതിനാൽ ഒരു പാർട്ടിയിലും ചേരില്ലെന്ന് നിയമസഭാ സീറ്റ് നിഷേധിച്ചതിൽ കെ.പി.സി.സി ആസ്ഥാനത്ത് തല മുണ്ഡനം ചെയ്തു പ്രതിഷേധിച്ചും, ഏറ്റുമാനൂരിൽ റിബലായി മത്സരിച്ചും കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച ലതികാസുഭാഷ് പറഞ്ഞു.
"രാഷ്ടീയത്തിലെ തിക്താനുഭവങ്ങൾ പുസ്തകമാക്കണമെന്നുണ്ട്. ഏറ്റുമാനൂരിൽ മത്സരിച്ചപ്പോഴും അപവാദവും അപമാനവും നേരിട്ടു. സി.പി.എമ്മിൽ നിന്ന് പണം വാങ്ങി മത്സരിക്കുകയാണെന്ന പരിഹാസവും കേട്ടു. സ്നേഹത്തോടെ ഒപ്പം നിന്നവരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ജന്മനാട്ടിൽ മത്സരിച്ചത്. അക്കൗണ്ട് നമ്പർ കൊടുത്ത് ഫേസ്ബുക്കിലൂടെ അഭ്യർത്ഥന നടത്തി സാധാരണക്കാർ നൽകിയ പണമായിരുന്നു പ്രചാരണത്തിന്. കൃത്യമായ കണക്കുണ്ട്. അത് പ്രസിദ്ധീകരിക്കും. ജസ്റ്റിസ് ഫോർ വുമൺ ഇൻ പൊളിറ്റിക്സ്, ഒൺ ഇന്ത്യ വൺ പെൻഷൻ, സ്വാഭിമാൻ,ഗാന്ധി സ്മാരക നിധി തുടങ്ങിയവർ സഹായിച്ചതുകൊണ്ടാണ് പിടിച്ചുനിന്നത്.
ഗാന്ധിയൻ ആദർശങ്ങളിൽ വിശ്വസിച്ചാണ് കോൺഗ്രസ് അംഗമായത്. പാർശ്വവത്കരിക്കപ്പെട്ടവരോട് മുഖം തിരിക്കുന്നവരും, കണ്ണിൽ നോക്കി വർത്തമാനം പറയാത്തവരുമാണ് മിക്ക നേതാക്കളും. കോൺഗ്രസ് വിട്ട ശേഷം എ.കെ.ആന്റണി വിളിച്ചു. അദ്ദേഹത്തോട് മനസ് തുറന്നു സംസാരിച്ചു. എന്നെ തോൽപ്പിക്കാനാവില്ല. ഇനിയും സജീവമായി പൊതുരംഗത്തുണ്ടാവും- ലതിക പറഞ്ഞു.