മുണ്ടക്കയം: എരുമേലി - മുണ്ടക്കയം സംസ്ഥാന പാതയിൽ മഞ്ഞളരുവി ഭാഗത്ത് രാത്രി റോഡിൽ കയറി നിന്ന കാട്ടുപോത്ത് 45 മിനിറ്റോളം ഗതാഗതം മുടക്കി. നാട്ടുകാർ അറിയിച്ചതനുസരിച്ച് വനപാലകർ എത്തിയപ്പോഴേയ്ക്ക് പോത്ത് അപ്രത്യക്ഷനായി. സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് എരുമേലി റേഞ്ച് ഓഫീസർ ജയകുമാർ പറഞ്ഞു.
അടുത്തിടെ വെള്ളനാടി കൊടുകപ്പലം ഭാഗത്തും കാട്ടുപോത്തിനെ കണ്ടിരുന്നു. അന്ന് വനപാലകർ എത്തി പോത്തിനെ വനത്തിലേക്ക് കയറ്റിവിടുകയായിരുന്നു. രൂപസാദൃശ്യം വച്ച് രണ്ടിടത്തും കണ്ടത് ഒരേ പോത്തുതന്നെയാകാമെന്നാണ് നിഗമനം. എരുമേലി - മുണ്ടക്കയം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമാണ് രണ്ടും. പാക്കാനം ഭാഗത്തെ വനമേഖലയിൽ നിന്നാകാം കാട്ടുപോത്ത് ഇവിടെ എത്തിയതെന്നാണ് കരുതുന്നത്.