മുണ്ടക്കയം : മുണ്ടക്കയം ജനമൈത്രി പൊലീസ് സറ്റേഷന്റെ കീഴിൽ നടത്തി വന്ന കാന്റീൻ പൂട്ടിയിട്ടിട്ട് ഒന്നരമാസത്തിലേറെയാകുന്നു. ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ കാന്റീൻ ജീവനക്കാരുടെ കുറവും സാമ്പത്തികബാദ്ധ്യതയും മൂലമാണ് പൂട്ടിയത്. രണ്ടുമാസംമുമ്പ് കൈക്കൂലികേസിൽ സി.ഐ ഷിബുകുമാർ പിടിയിലായതോടെയാണ് കാന്റീൻ പ്രവർത്തനം താളം തെറ്റിയത്. പൊലീസുകാർ പതിനായിരം മുതൽ ലക്ഷങ്ങൾ വരെ വിഹിതമായി നൽകിയാണ് കാന്റീൻ നടപ്പാക്കിയത്. മൂന്നോളം പൊലീസുകാർക്കായിരുന്നു പ്രത്യേക നടത്തിപ്പ് ചുമതല. വിവിധ സ്ഥാപനങ്ങളിൽ നിന്ന് കടം വാങ്ങിയാണ് പ്രവർത്തനം മുന്നോട്ടു നീക്കിയിരുന്നത്. എന്നാൽ സി.ഐ യുടെ അഭാവത്തിൽ ബാദ്ധ്യതകൾ പൊലീസുകാരെ ബുദ്ധിമുട്ടിലാക്കി. പലചരക്ക്, പച്ചക്കറി, പാചകവാതകം അടക്കം വിവിധ വ്യാപാര സ്ഥാപനങ്ങളിൽ ലക്ഷങ്ങളാണ് കൊടുക്കാനുള്ളത്. പുതുതായി ചുമതലയേറ്റ സി.ഐയ്ക്ക് കാന്റീൻ നടത്തിക്കൊണ്ടുപോകാൻ താത്പര്യമില്ലായിരുന്നു. അടുത്ത തിങ്കളാഴ്ചമുതൽ പ്രവർത്തനം പുന:രാരംഭിക്കാനും ആലോചനയുണ്ട്.