kcon

കോട്ടയം: തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കേരളാ കോൺഗ്രസിന്റെ ഈറ്റില്ലമായ കോട്ടയത്ത് ജോസോ ജോസഫോ ആരാകും വലിയ പാർട്ടിയുടെ നേതാവ് എന്ന ചോദ്യം ചർച്ചയാകുന്നു.

" കോട്ടയത്ത് അഞ്ചു സീറ്റിലും ജയം ഉറപ്പെന്ന് " കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി അവകാശപ്പെടുന്നു . കോട്ടയത്തെ മൂന്നു സീറ്റിലടക്കം മത്സരിച്ച പത്തിടത്തും ജയം ഉറപ്പെന്ന് ബ്രാക്കറ്റില്ലാ കേരളകോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫും ഉറപ്പിക്കുമ്പോൾ കണ്ണു തള്ളുന്നത് വോട്ടർമാരുടേതാണ്.

പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, കടുത്തുരുത്തി, ചങ്ങനാശേരി, മണ്ഡലങ്ങളിൽ ജോസ് വിഭാഗവും കടുത്തുരുത്തി, ചങ്ങനാശേരി , ഏറ്റുമാനൂർ എന്നിവിടങ്ങളിൽ ജോസഫ് വിഭാഗവും മത്സരിക്കുന്നു. ഇരു വിഭാഗവും നേരിട്ടു ഏറ്റുമുട്ടുന്നത് കടുത്തുരുത്തിയിലും ചങ്ങനാശേരിയിലുമാണ് . രണ്ടിടത്തും പ്രവചനാതീത മത്സരമെന്നാണ് വിലയിരുത്തൽ.

ജോസുമായി നേരിട്ടുള്ള മത്സരത്തിനു പുറമേ ജോസഫ് വിഭാഗം മത്സരിക്കുന്ന ഏക മണ്ഡലം ഏറ്റുമാനൂരാണ്. സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റിൽ വി.എൻ.വാസവനെതിരെയാണ് ഇവിടെ പ്രിൻസ് ലൂക്കോസിന്റെ പോരാട്ടം.

ജോസ് വിഭാഗത്തിന്റെ പൂഞ്ഞാറിലെ സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ സിറ്റിംഗ് എം.എൽ.എ പി.സി.ജോർജ്, മുൻ ഡി.സി.സി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി , ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എം.പി.സെൻ എന്നിവരെയാണ് നേരിടുന്നത്. ചതുഷ്കോണ മത്സരം നടക്കുന്ന ഇവിടെ പി.സി.ജോർജ് പടക്കം പൊട്ടിച്ച് മുൻ കൂട്ടി ജയപ്രഖ്യാപനം നടത്തി. എങ്കിലും എസ്.ഡി.പി.ഐയുടേത് അടക്കം വോട്ടുകൾ ലഭിച്ചതിനാൽ ജയം ഉറപ്പെന്നാണ് കുളത്തുങ്കൽ അവകാശപ്പെടുന്നത് . ഇടതു മുന്നണിക്കെതിരെ ക്രൈസ്തവ, നായർ, മുസ്ലീം വോട്ടുകളുടെ ഏകീകരണം ഉണ്ടായതിനാൽ ജയിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ടോമി കല്ലാനിയും അവകാശവാദമുന്നയിക്കുന്നുണ്ട്.

കാഞ്ഞിരപ്പള്ളിയിൽ ജോസ് വിഭാഗം സിറ്റിംഗ് എം.എൽ.എ ഡോ.എൻ.ജയരാജ് ജയിക്കുമെന്നാണ് ഇടതു മുന്നണിയുടെ കണക്കുകൂട്ടൽ. ഇവിടെ കോൺഗ്രസിലെ ജോസഫ് വാഴയ്ക്കനു പുറമേ എൻ.ഡി.എ സ്ഥാനാർത്ഥിയായി മുൻ കേന്ദ്രമന്ത്രിയും മുൻ കാഞ്ഞിരപ്പള്ളി എം.എൽ.എയുമായ അൽഫോൻസ് കണ്ണന്താനവും മത്സര രംഗത്തുണ്ട്. ബി..ജെ.പിക്ക് ജില്ലയിൽ ഏറെ വേരോട്ടമുള്ള കാഞ്ഞിരപ്പള്ളിയിൽ കണ്ണന്താനത്തിന്റെ സ്വാധീനവും ചേരുമ്പോൾ അട്ടിമറി ഉണ്ടാവുമെന്നാണ് എൻ.ഡി.എ കണക്കു കൂട്ടൽ. ക്രൈസ്തവ, നായർ വോട്ടുകളുടെ ഏകീകരണം സഹായിക്കുമെന്ന് വാഴക്കനും പ്രതീക്ഷിക്കുന്നു .

നിലവിൽ ജോസ് വിഭാഗത്തിന് രണ്ട് എം.എൽ.എയും ജോസഫിന് ഒരു എം.എൽ.എയുമാണ് ജില്ലയിലുള്ളത്.