court

 തെറ്റായ വ്യാഖ്യാനമെന്ന് ഓർത്തഡോക്‌സ് സഭ

കോട്ടയം: മണർകാട് സെന്റ് മേരീസ് സുറിയാനി പള്ളി സ്വതന്ത്ര പള്ളിയാണെന്നും മലങ്കര സഭയുടെ ഭാഗമല്ലെന്നും കോട്ടയം മുനിസിഫ് കോടതി വിധിച്ചു. ഇതോടെ യാക്കോബായ- ഓർത്തഡോക്സ് സഭകളുടെ ഭരണഘടന പള്ളിക്ക് ബാധകമല്ലാതായി.

കത്തീഡ്രൽ 1934ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ടതാണെന്ന ഓർത്തഡോക്സ് സഭയുടെ വാദം കോട്ടയം അഡിഷണൽ സബ് കോടതി നേരത്തെ അംഗീകരിച്ചിരുന്നു. ഇടവകക്കാരുടെ യോഗം വിളിച്ചുകൂട്ടി പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്ത് ഭരണം കൈമാറാനും സബ് ജഡ്ജി എസ്.സുധീഷ്‌കുമാർ അന്ന് ഉത്തരവിട്ടിരുന്നു.

അതേസമയം, മുനിസിഫ് കോടതി വിധി തെറ്റിദ്ധാരണാജനകമാണെന്ന് മലങ്കര ഓർത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. 2020 സെപ്തംബർ 18ന് കോട്ടയം സബ് കോടതിയിൽ തീർപ്പുണ്ടായതാണ്. പള്ളി ഭരണത്തിന് റിസീവറെ നിയമിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ഇപ്പോൾ വിധിയുണ്ടായിരിക്കുന്നത്. വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് യാക്കോബായ സഭ വക്താക്കൾ പറഞ്ഞു.