പൊൻകുന്നം : തുടക്കം മുതൽ അശാസ്ത്രീയ നിർമ്മാണം എന്ന് ആക്ഷേപമുയരുന്ന പൊൻകുന്നം - പുനലൂർ ഹൈവേയിൽ ഇത് ശരിവയ്ക്കുന്ന സംഭവങ്ങളാണ് അടിക്കടി ഉണ്ടാകുന്നത്. നിർമ്മാണം പുരോഗമിക്കുന്ന റോഡിൽ ചെറുവള്ളി ഗവ.സ്‌കൂളിന്റെ മതിൽ ഇടിഞ്ഞുവീണു. ഓട നിർമ്മിക്കുന്നതിനായി മണ്ണ് നീക്കിയപ്പോഴാണ് മതിൽ പൊളിഞ്ഞത്. സ്‌കൂളിലെ വാട്ടർടാങ്ക്, മോട്ടോർപുര എന്നിവ ഏതു സമയത്തും ഇടിഞ്ഞു വീഴാവുന്ന നിലയിലാണ്. ഒരാഴ്ച മുൻപ് തൊട്ടടുത്തുള്ള ആലപ്പാട്ട് ബേബിച്ചന്റെ പുരയിടത്തിന്റെ കൽക്കെട്ട് തകർന്നിരുന്നു. ഒന്നാംഘട്ടം ടാറിംഗ് കഴിഞ്ഞ് ഓട നിർമ്മാണം തുടങ്ങിയതോടെ റോഡിന്റെ വശങ്ങളിലെ കെട്ടുകൾ ഇടിയുകയാണ്. ടാറിംഗ് നടത്തിയ റോഡിൽ കഴിഞ്ഞ ദിവസം വിള്ളൽ ഉണ്ടായിരുന്നു. കെ.എസ്.ടി.പി അധികൃതരുടെ പരിശോധനയും നടക്കുന്നില്ല. ഇടറോഡുകൾ, സ്വകാര്യ വ്യക്തികളുടെ വീടുകൾ എന്നിവിടങ്ങളിലേക്കുള്ള വഴികളിൽ കാൽനട യാത്ര പോലും ദുരിതമാണ്. നിർമ്മാണത്തിലെ അപാകതകൾ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യൂത്ത് ഫ്രണ്ട് (എം) ചിറക്കടവ് മണ്ഡലം കമ്മിറ്റി അറിയിച്ചു.