കട്ടപ്പന: ജോയി വെട്ടിക്കുഴി കട്ടപ്പന നഗരസഭ ഉപാദ്ധ്യക്ഷൻ സ്ഥാനം രാജിവച്ചു. ഒന്നരമാസത്തെ യു.കെ, ഗൾഫ് വിദേശയാത്രയുമായി ബന്ധപ്പെട്ടാണ് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം ഉൾപ്പെടെ രാജിവച്ചതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം നഗരസഭ ഭരണസമിതിക്കുള്ളിലെ ഗ്രൂപ്പ് പോരിനെ തുടർന്നാണ് രാജിയെന്നുള്ള ആക്ഷേപങ്ങളും ഉയർന്നിട്ടുണ്ട്. യു.ഡി.എഫ് ഭരണസമിതിയുള്ള തുടക്കം മുതൽ എ- ഐ ഗ്രൂപ്പ് അംഗങ്ങൾക്കിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. ഐ ഗ്രൂപ്പിലെ അദ്ധ്യക്ഷ അടക്കമുള്ളവർ എ ഗ്രൂപ്പിൽ നിന്നുള്ള ഉപാദ്ധ്യക്ഷനുമായി കൂടിയാലോചിക്കാതെ തീരുമാനങ്ങളെടുക്കുന്നുവെന്നായിരുന്നു പ്രധാന ആക്ഷേപം. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ജോയി വെട്ടിക്കുഴിയുടെ താത്പര്യം ജില്ലാ നേതൃത്വം മുഖവിലയ്‌ക്കെടുത്തില്ലെന്നും ആക്ഷേപങ്ങളുണ്ടായി.
എന്നാൽ ഇവയെല്ലാം തള്ളുന്നതാണ് ജോയി വെട്ടിക്കുഴിയുടെ പ്രതികരണം. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ജോയി വെട്ടിക്കുഴി ഫേസ്ബുക്കിൽ കുറിച്ചു. മേയ് പകുതിക്കുശേഷം വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി മാറി നിൽക്കേണ്ടതുണ്ട്. ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചപ്പോൾ താത്കാലിക ക്രമീകരണത്തിന് വേണ്ടി രാജിവയ്ക്കാൻ അനുമതി ലഭിച്ചു. ഇത് ഹ്രസ്വകാലത്തേയ്ക്കുള്ള ക്രമീകരണം മാത്രമാണ്. മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ജോയി വെട്ടിക്കുഴിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. രാവിലെ ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറുമായി ചർച്ച നടത്തി അനുമതി വാങ്ങിയാണ് നഗരസഭ ഓഫീസിലെത്തി രാജിക്കത്ത് നൽകിയത്. മേയ് പകുതിയോടെ യാത്ര തിരിക്കും. അതേസമയം നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്ന ശേഷം ഉപാദ്ധ്യക്ഷൻ തിരഞ്ഞെടുപ്പ് നടത്താനാണ് സാദ്ധ്യത.