കിടങ്ങൂർ : ഭാരതത്തിന്റെ ഏകതയെ പരിപോഷിപ്പിക്കുന്നതിൽ സംഗീതത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് മിസോറാം ഗവർണർ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു.കുമ്മണ്ണൂർ നടയ്ക്കാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ സ്ഥാപിച്ച 14 അടി ഉയരമുള്ള ഗരുഡവിഗ്രഹത്തിന്റെ നേത്രോന്മീലനവും അക്ഷരശ്രീ പുരസ്കാര സമർപ്പണവും നിർവഹിക്കുകയായിരുന്നു അദേഹം.എം.എസ് സുബലക്ഷ്മി, ബിസ്മില്ലാഖാൻ ,അംജത് അലിഖാൻ എന്നിവർ സംഗീതത്തിലൂടെ ഭാരതത്തിന്റെ മഹത്തായ സാംസ്‌കാരിക പാരമ്പര്യം ഉയർത്തിപ്പിടിച്ചവരാണ്. സംഗീതം സാന്ത്വനവും ചികിത്സയുമാണെന്ന് തെളിയിച്ച മഹാപ്രതിഭയാണ് കൈപ്രം ദാമോദരൻ നമ്പൂതിരിയെന്നും അദ്ദേഹം പറഞ്ഞു. സംഗീതത്തിന് ജാതിയും മതവുമില്ലെന്ന് അക്ഷരശ്രീ പുരസ്കാരം ഏറ്റുവാങ്ങി കൈതപ്രം പറഞ്ഞു. അമ്മയിൽ നിന്ന് ജനിക്കുമ്പോൾ ആണും പെണ്ണും മാത്രമാണുള്ളത്. സ്‌നേഹത്തിന്റെ മൂർത്തിമദ് ഭാവമാണ് അമ്മയെന്നും അദ്ദേഹം പറഞ്ഞു. കുഞ്ചൻ നമ്പ്യാർ സ്മാരക സാംസ്‌ക്കാരിക സമിതിയും കേശവനാചാരി ഗരുഡൻ തൂക്ക വിദ്യാപീഠവും ചേർന്നാണ് ഭക്തജന പങ്കാളിത്തത്തോടെ ഗരുഡ വിഗ്രഹം ക്ഷേത്രത്തിന്റെ മുൻവശത്തായി സജ്ജമാക്കിയത്. പി.വി.എൻ.നമ്പൂതിരി സ്മാരക സ്മൃതിദർപ്പണ പുരസ്കാരം മനോജ് നമ്പൂതിരിയ്ക്ക് സമർപ്പിച്ചു. മോൻസ് ജോസഫ് എം.എൽ.എ, സഞ്ജീവ് വി.പി. നമ്പൂതിരി, ശ്യാംകുമാർ നെല്ലിപ്പുഴ, കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, ഡോ. പത്മിനി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. കുഞ്ചൻ നമ്പ്യാർ സമിതി സെക്രട്ടറി കൂടിയായ സൂര്യകാന്ത് വിജയനാണ് ഗരുഡവിഗ്രഹത്തിന്റെ ശില്പി.