കട്ടപ്പന: വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ദുരൂഹതകളുടെ കെട്ടഴിക്കാൻ പോസ്റ്റ്‌മോർട്ടം, ശാസ്ത്രീയ പരിശോധന റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണ് കട്ടപ്പന പൊലീസ്. ആഭരണങ്ങൾ കാണാനില്ലെന്ന ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മോഷണം നടന്നിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊച്ചുതോവാള എസ്.എൻ. ജംഗ്ഷൻ കൊച്ചുപുരയ്ക്കൽ ജോർജിന്റെ ഭാര്യ ചിന്നമ്മ (65) യെയാണ് ഇന്നലെ പുലർച്ചെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ തൃശൂരിലുള്ള മകളുടെ വീട്ടിൽ പോകാനിരിക്കുകയായിരുന്നു ജോർജും ചിന്നമ്മയും. ഇതിനായി വസ്ത്രങ്ങളടക്കം തലേദിവസം തന്നെ പായ്ക്ക് ചെയ്തിരുന്നു.
പുലർച്ചെ 4.30 ഓടെ ഉണർന്ന ജോർജ് താഴത്തെ മുറിയിലെത്തിയപ്പോൾ ചിന്നമ്മ ചലനമറ്റ് നിലത്ത് കിടക്കുകയായിരുന്നു. മുഖത്ത് രക്തക്കറയുമുണ്ടായിരുന്നു. കൂടാതെ ശരീരത്തോടുചേർന്ന് മറ്റൊരു തുണിയും കാണപ്പെട്ടിരുന്നു. തുടർന്ന് അയൽക്കാരും ചേർന്ന് ചിന്നമ്മയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ചിന്നമ്മയുടെ മാലയും വളയും അടക്കം 4 പവൻ സ്വർണാഭരണങ്ങൾ കാണാനില്ലെന്നാണ് ജോർജ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. കാതിൽ കമ്മൽ ഉണ്ടായിരുന്നു. ചിന്നമ്മയ്ക്ക് സ്വർണാഭരണങ്ങൾ അണിയുന്ന ശീലമുണ്ടായിരുന്നു. എപ്പോഴും ധരിക്കുന്ന മാലയും വളയും കാണാതായതാണ് ദുരൂഹതയ്ക്കിടയാക്കുന്നത്. കൂടാതെ വീടിന്റെ പിൻവശത്തെ വാതിൽ അടച്ചിരുന്നില്ല.
കട്ടപ്പന പൊലീസും വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ല. ഇൻക്വസ്റ്റിൽ ചിന്നമ്മയുടെ മൃതദേഹത്തിൽ മുറിവുകളോ പാടുകളോ ഉണ്ടായിരുന്നില്ല. മോഷണമായിരുന്നുവെങ്കിൽ മുറിക്കുള്ളിൽ മൽപ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളുമില്ല. വീടിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജോർജ് മുകളിലത്തെ നിലയിലെ മുറിയിലും ചിന്നമ്മ താഴത്തെ നിലയിലെ മുറിയിലുമാണ് ഉറങ്ങിയിരുന്നത്. പരിശോധനാ റിപ്പോർട്ടുകൾ വന്നശേഷമേ മരണകാരണം വ്യക്തമാകൂ.