കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ മാറുന്നു. സ്റ്റേഷനിലേക്കുള്ള രണ്ടാമത്തെ പ്രവേശന കവാടത്തിന്റെ നിർമ്മാണം ആരംഭിച്ചു. ഒപ്പം ഗുഡ്‌സ് ട്രാക്കിന്റെ നിർമ്മാണത്തിനും തുടക്കമായി. ചിങ്ങവനം-ഏറ്റുമാനൂർ പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കി ഡിസംബറിൽ ഉദ്ഘാടനം ചെയ്യാനുള്ള തീവ്രശ്രമത്തിലാണ് റെയിൽവേ മന്ത്രാലയം.
എം.സി റോഡിൽ നാഗമ്പടം പാലം ഭാഗത്താണ് റെയിൽവേ സ്റ്റേഷനിലേക്കുള്ള രണ്ടാമത്തെ കമാനം ഉയരുന്നത്. സ്റ്റേഷനിലേക്ക് ഏറ്റുമാനൂർ ഭാഗത്തു നിന്നുള്ള യാത്രക്കാർക്ക് ഇത് അനുഗ്രഹമാവും. ഇവിടെ പുതിയ കെട്ടിടവും ടിക്കറ്റ് ബുക്കിംഗ് കൗണ്ടറും സജജമാക്കും. പുതിയ കവാടം വരുന്നതോടെ യാത്രക്കാർക്ക് വേഗത്തിൽ സ്റ്റേഷനിൽ എത്താമെന്നതും സവിശേഷതയാണ്. രണ്ടാം കവാടത്തിൽ നിന്ന് പ്ലാറ്റ് ഫോമുകളെ ബന്ധിപ്പിച്ച് ഒാവർബ്രിഡ്ജും നിർമ്മിക്കും. ഈ പ്രവേശന കവാടത്തിൽ ലിഫ്റ്റും ഏർപ്പെടുത്തും. വൃദ്ധരായ യാത്രക്കാരെ പ്രത്യേകം പരിഗണിച്ചാണ് ഈ സംവിധാനം ഒരുക്കുക.
തറനിരപ്പിലാകും ഗുഡ്‌സ് ട്രെയിനുകൾക്കായുള്ള പാത നിർമ്മിക്കുന്നത്. ഇതിന്റെ കോൺക്രീറ്റിംഗ് പുരോഗമിക്കുകയാണ്. നിലവിലുളള ഗുഡ്‌സ് ഷെഡ് യാർഡ് ഭാഗത്തുതന്നെയാണ് പുതിയ ട്രാക്കും. മാസങ്ങൾക്കുമുമ്പേ ഗുഡ്‌സ് ഷെഡ് പൊളിച്ചുമാറ്റിയിരുന്നു. ഇതിനൊപ്പം ഈ ഭാഗത്ത് പാലവും നിർമ്മിക്കുന്നുണ്ട്. ഇതിന്റെ നിർമ്മാണവും അതിവേഗം പുരോഗമിക്കുകയാണ്.
നഗരത്തിൽ നിന്ന് മീനച്ചിലാറ്റിലേക്കുള്ള തോടിനു കുറുകെയാണ് പുതിയ പാലം നിർമ്മിക്കുന്നത്. ഇതിനു മുകളിലൂടെയാകും പുതിയ ട്രാക്കും റോഡും കടന്നുപോവുക. ഇതുൾപ്പെടെ മൂന്നു പുതിയ പാതകളാണ് കോട്ടയം റെയിൽവേ സ്റ്റേഷനോടനുബന്ധിച്ച് നിർമിക്കുന്നത്. രണ്ടെണ്ണം പ്ലാറ്റ്ഫോം ഉൾപ്പെടുന്നതാകും. മൂന്ന് പ്ളാറ്റുഫോമുകളാണ് നിലവിലുള്ളത്. ഇത് കൂടാതെ സർവ്വീസ് ട്രെയിനുകൾക്ക് മാത്രമായി രണ്ട് പ്ലാറ്റ്ഫോം കൂടി പുതുതായി വരും. നാഗമ്പടം ഭാഗത്താകും പുതിയ പ്ലാറ്റ്ഫോമുകൾ. ഇതിൽ ഒരു വരി പാസഞ്ചർ ട്രെയിനുകൾക്ക് മാത്രമായി അനുവദിക്കാനാണ് റെയിൽവേയുടെ തീരുമാനം.
ഏറ്റുമാനൂർ-ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നിർമിമിക്കുന്ന ഒാവർബ്രിഡ്ജുകളുടെ പണിയും പൂർത്തിയായി വരികയാണ്. പാതകൾ നിർമ്മിക്കുന്നത് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷനാണ്. പാക്കിൽ, കാരിത്താസ്, മാഞ്ഞൂർ ഉൾപ്പെടെ പത്ത് പാലങ്ങളുടെ നിർമ്മാണമാണ് യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നത്.
ഏറ്റുമാനൂർ-ചിങ്ങവനം (16.84 കി.മീ) പാത ഇട്ടിപ്പിക്കൽ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ തിരുവനന്തപുരം- മംഗലാപുരം (634 കി.മീ) പൂർണമായും വൈദ്യുതീകരിച്ച ഇരട്ടപ്പാതയാകും. ട്രെയിനുകളുടെ വൈകിയോട്ടത്തിനും ഇതോടെ പരിഹാരമാകും.