water

കോട്ടയം : നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പെരുമാറ്റച്ചട്ടത്തിൽ ഇളവില്ലാതെ വന്നതോടെ കുടിവെള്ളവിതരണം അടക്കം ജില്ലയിൽ മുടങ്ങി. പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം നിർമ്മാണ പ്രവ‌ർത്തനങ്ങളും വികസന പ്രവർത്തനങ്ങളും ഇഴഞ്ഞു നീങ്ങുകയായിരുന്നു. വികസന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരിൽ പലരും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമാണ് ജില്ലയിൽ കനത്ത ചൂട് എത്തിയത്. ഇതോടെ പല പ്രദേശങ്ങളിലും ശുദ്ധജല വിതരണം മുടങ്ങി. തദ്ദേശസ്ഥാപനങ്ങൾ ശുദ്ധജല വിതരണത്തിനായി ടാങ്കറുകൾ ഇറക്കിയെങ്കിലും വെള്ളം വിതരണം ചെയ്യുന്നതിന് കമ്മിഷൻ അനുവാദം വേണമെന്ന നിർദ്ദേശം പലയിടത്തും പ്രശ്നങ്ങൾ സൃഷ്ടിച്ചു. വെള്ളം വിതരണം വോട്ടർമാരെ സ്വാധീനിക്കാനിടയുണ്ടെന്ന വാദമാണ് കമ്മിഷൻ ഉയർത്തിയത്.

തകർന്ന് തരിപ്പണമായി റോഡുകൾ

തകർന്ന് കിടക്കുന്ന റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുന്നതും മുടങ്ങിയിരിക്കുകയാണ്. ഇതോടെ വിവിധ പ്രദേശങ്ങളിൽ യാത്രാ ദുരിതമേറി. പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കും മുൻപ് ആരംഭിച്ച പദ്ധതികൾ പൂർത്തിയാക്കുന്നതിന് മാത്രമാണ് അനുവാദം നൽകിയിരിക്കുന്നത്. മേയ് രണ്ടിന് ശേഷം മാത്രമേ പുതിയ പദ്ധതികൾ ആരംഭിക്കാനാകൂ. പക്ഷെ അതിന് ഭരണാനുമതി ലഭിക്കണം. സർക്കാർ പ്രത്യേക അപേക്ഷ നൽകി പെരുമാറ്റച്ചട്ടത്തിൽ ഇളവ് നേടിയെടുക്കണമെന്നാണ് ആവശ്യം.