കോട്ടയം : കള്ളവാറ്റിന് എക്‌സൈസ് കൂച്ചുവിലങ്ങിട്ടതോടെ കുമരകത്ത് ലഹരിമാഫിയ സംഘം പിടിമുറുക്കുന്നു. കഞ്ചാവും, ലഹരിമരുന്നും, നൈട്രോസെപ്പാം അടക്കമുള്ള ഗുളികകളും ഉപയോഗിച്ചാണ് മാഫിയ സംഘം വിലസുന്നത്. കഴിഞ്ഞ ദിവസം കുമരകത്ത് പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രതിയുടെ പശ്ചാത്തലം അന്വേഷിച്ച പൊലീസിന് മാഫിയ സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. മുൻപ് കുമരകം കേന്ദ്രീകരിച്ച് വ്യാജവാറ്റ് വ്യാപകമായിരുന്നു. പൊലീസും എക്‌സൈസും നടപടി ശക്തമാക്കിയതോടെ ഇതില്ലാതായി. ഇതോടെയാണ് വീര്യം കൂടിയ ലഹരികളിലേയ്‌ക്ക് യുവാക്കൾ ഉൾപ്പെടുന്ന സംഘം കടന്നിരിക്കുന്നത്. കഞ്ചാവ് വില്പനയാണ് പ്രധാനം. വിദേശ വിനോദ സഞ്ചാരികൾക്ക് അടക്കം കൂടിയ വിലയ്ക്ക് കഞ്ചാവ് വിൽക്കുന്ന സംഘം സജീവമാണ്. ഗ്രാമീണമേഖലയിലും വള്ളത്തിലടക്കം എത്തി വില്പന നടത്തുന്നുണ്ട്.
വില കുറവ്, വീര്യം കൂടുതൽ
ചുരുങ്ങിയ വിലയിൽ കൂടുതൽ വീര്യം ലഭിക്കുമെന്നതാണ് ലഹരി മരുന്നുകളിലേക്ക് തിരിയാൻ യുവാക്കളെയടക്കം പ്രേരിപ്പിക്കുന്നത്. വിദ്യാർത്ഥികളും മാഫിയസംഘത്തിന്റെ കെണിയിൽ വീണിട്ടുണ്ടെന്നാണ് വിവരം. ഹാൻസ് അടക്കമുള്ള നിരോധിത പുകയില ഉത്പന്നങ്ങളുടെ കച്ചവടവും പ്രദേശത്ത് സജീവമാണ്. പിടിച്ചാലും ആയിരം രൂപയിൽ താഴെ പിഴയടച്ച് വീണ്ടും വില്പന തകൃതിയാണ്.
പരിശോധന ശക്തമാക്കും
പതിനഞ്ചുകാരിയെ ആക്രമിച്ച സംഭവത്തിൽ പരിശോധന ശക്തമാക്കും. പ്രതിയ്‌ക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ലഹരി മാഫിയക്കെതിരെ കർശന നടപടിയുണ്ടാകും.
കുമരകം സി.ഐ