n-jayaraj-and-kannanthana

കോട്ടയം: കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി ഡോ.എൻ.ജയരാജും എൻ.ഡി.എ സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം എം.പിയും ഒരു മാസത്തിലേറെ നീണ്ട പ്രചാരണ ചൂടൊഴിഞ്ഞതോടെ പുസ്തക രചനയിൽ മുഴുകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള പുസ്തകം പൂർത്തിയാക്കാൻ കണ്ണന്താനം ഡൽഹിയിൽ എത്തി.

" ആറു വർഷം പ്രധാനമന്ത്രി മോദിജിയുടെ കൈയൊപ്പു പതിഞ്ഞ 23 മേഖലകളിലെ ഭരണനേട്ടത്തെ കുറിച്ചാണ് പുസ്തകം. 23 വിഷയങ്ങളിൽ മോദി സർക്കാർ എന്തു ചെയ്തു എന്ന് വിവിധ ഐ.എ.എസ് സെക്രട്ടറിമാർ തയ്യാറാക്കിയ കുറിപ്പുകൾ എഡിറ്റ് ചെയ്യുന്ന ശ്രമകരമായ ജോലിയിലാണ്. രണ്ട് അദ്ധ്യായം ഞാനും എഴുതുന്നു. മോദിയുടെ ഭരണ മികവ് നിഷ്പക്ഷമായി വിലയിരുത്തുകയാണ്. മോദിയുടെ വികസന മുഖം ലോകത്തിന് കാട്ടിക്കൊടുക്കുകയാണ് ലക്ഷ്യം. കർഷക സമരവും ദേശീയ തലത്തിലുണ്ടായ മറ്റു വിവാദങ്ങളും ചർച്ച ചെയ്യുന്ന പുസ്തകം ജൂലൈയോടെ പ്രകാശനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇംഗ്ലീഷിനൊപ്പം മലയാളം എഡിഷനും ഉണ്ടാകും.പെൻഗ്വിൻ പ്രസിദ്ധീകരിച്ച "ഇന്ത്യ മാറ്റത്തിന്റെ മുഖം" എന്ന ആദ്യ പുസ്തകത്തിന് ശേഷമുള്ള കണ്ണന്താനത്തിന്റെ രചനയാണിത്.

"കാഞ്ഞിരപ്പള്ളിയിൽ പ്രചാരണ വാഹനത്തിൽ നിന്ന് മാല സ്വീകരിക്കുമ്പോൾ ബാലൻസ് തെറ്റി കമ്പിയിലും ഫ്ലക്സ് ബോർഡിലും ഇടിച്ച് വാരിയെല്ല് ഒടിഞ്ഞു. മൂന്നാഴ്ച വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും നടുവിന് ബെൽറ്റിട്ട് വേദന സഹിച്ചു പ്രചാരണം പൂർത്തിയാക്കിയാണ് ഡൽഹിയിലേക്ക് പോന്നത്.

ഇക്കണോമിക്സ് പ്രൊഫസറായ ഡോ.എൻ.ജയരാജ് "സർക്കാരിന്റെ വരവും ചെലവും തമ്മിലുള്ള അന്തരവും പ്രത്യാഘാതവും " എന്ന ഗവേഷണ പ്രബന്ധത്തിന്റെ രചനയിലാണ്. തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് പുസ്തകം ഇറക്കണമെന്നുണ്ട്. അതിനാൽ പ്രചാരണത്തിന്റെ ക്ഷീണം മാറ്റാനുള്ള വിശ്രമത്തിനോ യാത്രയ്ക്കോ നേരമില്ലെന്ന് ജയരാജ് പറഞ്ഞു.